പ്രശസ്ത താരം അനന്യ രാജ് അന്തരിച്ചെന്ന വിവരം ഒരു മാസത്തിനുശേഷമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 15-നാണ് നടി അന്തരിച്ചതെന്ന ഔദ്യോഗിക കുറിപ്പ് കുടുംബം കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ താരം നേരിട്ടിരുന്നുവെന്നും കുടുംബം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹൃദയഭേദകമായ വാർത്ത പുറത്തുവന്നതിനു പിന്നാലെ വലിയ ഞെട്ടലിലാണ് ആരാധകർ.
മരണകാരണം എന്താണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. ‘‘ഇത് അനന്യയുടെ കുടുംബമാണ്.
ജൂലൈ 15 ന് പുലർച്ചെ അനന്യ മരിച്ചുവെന്നു വളരെ വേദനയോടെ ഞങ്ങൾ അറിയിക്കുന്നു. ഉറക്കത്തിൽ സമാധാനപരമായി അന്തരിച്ചു.
ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ അസ്വസ്ഥതകളിലൂടെ അനന്യ കടന്നുപോകുകയായിരുന്നു. അവ മറികടക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി’’ – ഇൻസ്റ്റഗ്രാമിൽ കുടുംബം പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.
നടിയുടെ ആത്മാവിനായി പ്രാർഥിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. നടികർ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഒട്ടേറെപ്പേരാണ് ആദരാഞ്ജലികളുമായി എത്തിയിരിക്കുന്നത്.
ഏഴു മാസം മുൻപും നടിയുമായി സംസാരിച്ചിരുന്നുവെന്നും ഒരുമിച്ചു പ്രവർത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ഇൻഫ്ലുവൻസർ പങ്കജ് ശർമ കുറിച്ചു. അത് ഞങ്ങളുടെ അവസാന സംഭാഷണമാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം അനുശോചനക്കുറിപ്പിൽ വ്യക്തമാക്കിയത്.
മുംബൈയിൽ വളർന്ന അനന്യ രാജ് സംഗീത വിഡിയോകളിൽ അഭിനയിച്ചുകൊണ്ടാണ് കലാജീവിതം ആരംഭിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം, തുടർന്ന് ‘ദി ഫൈനൽ എക്സിറ്റ്’ (2017), ‘ഗോസ്റ്റ്’ (2019) എന്നീ സിനിമകളിലും അഭിനയിച്ചു.
ഹിന്ദിക്ക് പുറമെ തെലുങ്ക് സിനിമകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

