കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായി സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ നാളെ ആരംഭിക്കുന്നു. നാളെ രാവിലെ 10.45നു നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.
സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഈ ചടത്തോട് അനുബന്ധിച്ച് തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, കേരളത്തിന്റെ 600 കിലോമീറ്റർ വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊണ്ട് വിഴിഞ്ഞത്തെ പ്രധാന മാരിടൈം ഇക്കണോമിക് കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സ്മാർട്ട് സിറ്റി പദ്ധതി.
തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 400 കോടി രൂപയുടെ ഉത്തേജക ഫണ്ടാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി പാശ്ചാത്യ വിപണികളിലേക്ക് ചരക്കു കയറ്റി അയച്ചിരുന്ന വ്യാപാരികൾക്ക് ഇനി മുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ അയക്കാൻ സാധിക്കും.
ഇത് യാത്രാസമയവും ലോജിസ്റ്റിക്സ് ചെലവുകളും ഗണ്യമായി കുറയ്ക്കും. കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇത് വലിയ അവസരമൊരുക്കും.
എക്സിം സേവനങ്ങൾ ആരംഭിക്കുന്നതോടെ വെയർഹൗസിംഗ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ എന്നിവയുടെ അതിവേഗ വളർച്ചയ്ക്കും വഴിതെളിയും. 2031ഓടെ പൊതുനിക്ഷേപത്തിന്റെ പത്തിരട്ടിയിലേറെ വർധിപ്പിക്കാൻ മിഷൻ സമുദ്രയ്ക്ക് സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
വ്യവസായം, ലോജിസ്റ്റിക്സ്, സേവനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം ആയിരക്കണക്കിന് സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഒരു ‘ഉപഭോക്തൃ സംസ്ഥാനം’ എന്ന പദവിയിൽ നിന്ന് കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന നിർമ്മാണ-കയറ്റുമതി ഹബ്ബായി ഉയർത്താൻ ഈ തുറമുഖത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോർട്ട് ചാർജുകൾ എന്നിവയിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വരുമാനത്തിലും വലിയ വർധനവുണ്ടാകും. റോഡ്, റെയിൽ ഗതാഗത സൗകര്യങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലെ വൻകിട
കയറ്റുമതികൾ കൂടുതലും വിഴിഞ്ഞം വഴിയാകും. 20 മുതൽ 24 മീറ്റർ വരെ അസാധാരണമായ സ്വാഭാവിക ആഴമുള്ള ഈ തുറമുഖത്തിന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളെ പോലും ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
കിഴക്ക്-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, വരും വർഷങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണായക സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

