ലോകത്തിന്റെ ഇന്ധനസ്തൂപമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർണായക ധാരണയിലെത്തിയിരിക്കുകയാണ് ഇറാനും ഒമാനും. ആഗോള ക്രൂഡോയിലിന്റെ അഞ്ചിലൊന്ന് സഞ്ചരിക്കുന്ന ഈ സമുദ്രപാത സുരക്ഷിതമാക്കാൻ ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
പശ്ചിമേഷ്യയിലേക്ക് കപ്പലുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക റൂട്ടുകളാണ് ഇതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ യുഎസിന്റെ നാവിക, സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാതെ ഹോർമുസ് പൂർണ്ണ തോതിൽ തുറന്നു നൽകില്ലെന്ന കടുത്ത നിലപാടിലാണ് ടെഹ്റാൻ ഉള്ളത്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹോർമുസിനെ അമേരിക്കയുടെ അധീനതയിലുള്ള പ്രദേശമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായിട്ടുണ്ട്. ഹോർമുസിലെ കാര്യങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിന് പകരം സ്വന്തം സുരക്ഷ നോക്കുകയാണ് ട്രംപ് ചെയ്യേണ്ടതെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിഷൻ തലവൻ ഇബ്രാഹിം അസീസി തുറന്നടിച്ചു.
ഫുഡ് ട്രക്കിൽ ഒളിച്ചു കടന്നതു അദ്ദേഹം ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മറുവശത്ത് പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി ലെബനനിൽ ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണിത്. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ മൂന്ന് ഇസ്രയേലി സൈനികർക്ക് പരിക്കേറ്റതിനുള്ള മറുപടിയാണിതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുമ്പോൾ, ഇതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പത്തിക ഉപരോധവും വിപണിയിലെ ആശങ്കകളും ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കാൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തയ്യാറെടുക്കുകയാണ്. ഇറാനിൽ നിന്ന് 90 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന ചൈനയെ ലക്ഷ്യമിട്ടാകും അടുത്ത ഘട്ട
ഉപരോധങ്ങൾ. ചൈനീസ് കമ്പനികൾക്കെതിരെ കൂടി നടപടിയുണ്ടായാൽ അത് വാണിജ്യ ബന്ധങ്ങളെ ഗുരുതരമായി ബാധിക്കും.
കൂടാതെ ഇറാനിയൻ എണ്ണ വ്യാപാരത്തിന് പണം കൈമാറുന്ന മണി എക്സ്ചേഞ്ചുകൾക്ക് പൂട്ടിടാനും അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി. സ്വർണവിലയും ഔൺസിന് 4400 ഡോളറായി ഉയർന്നു.
ഇന്ത്യൻ ഓഹരി വിപണിയെയും ഈ പ്രതിസന്ധികൾ ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14-ന് അവസാനിച്ച വ്യാപാരത്തിൽ സെൻസെക്സ് 71 പോയിന്റ് നഷ്ടത്തിൽ 78,009.25 ലും നിഫ്റ്റി 30 പോയിന്റ് ഇടിഞ്ഞ് 24,366 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിക്ഷേപകരുടെ ആകെ സമ്പത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിലും ക്രൂഡോയിൽ വിലയും യുഎസ് ഫെഡ് റിസർവ് നിലപാടുകളും തന്നെയാകും വിപണിയുടെ ഗതി നിശ്ചയിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

