കൊല്ലം നഗരത്തിൽ ഓണം പ്രമാണിച്ച് തിരക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. പഴയ ദേശീയപാതയായ സിറ്റി റോഡിലാണ് നിലവിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊലീസ് ചില സ്ഥലങ്ങളിൽ താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാടൻനട
മുതൽ പോളയത്തോട് ജംക്ഷൻ വരെ താൽക്കാലിക ഡിവൈഡറുകളും കോണുകളും റോപ്പുകൾ കൊണ്ട് ബന്ധിച്ചിട്ടുണ്ട്. പ്രധാന റോഡുകൾ സംഗമിക്കുന്ന ഭാഗങ്ങളിൽ ഡിവൈഡറുകൾ തുറന്നുകൊടുത്തത് മൂലം ഈ പ്രദേശത്തെ കുരുക്കിന് വലിയ അളവിൽ ശമനം വന്നിട്ടുണ്ട്.
സമാനമായ രീതിയിൽ ഈ പാതയിലെ പള്ളിമുക്കിലും ഡിവൈഡറുകൾ സ്ഥാപിച്ചാൽ അവിടത്തെ യാത്രാതടസ്സം പരിഹരിക്കാൻ സാധിക്കും. എങ്കിലും ചെമ്മാൻമുക്ക്, അയത്തിൽ റോഡ്, കടപ്പാക്കട
ജംക്ഷൻ, മെയിൻ റോഡ് തുടങ്ങിയ മേഖലകളിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യം ഇല്ലാത്തത് പ്രതിസന്ധി കൂടുതൽ വഷളാക്കുന്നുണ്ട്.
നാല് റോഡുകൾ സംഗമിക്കുന്ന പ്രധാന ജംക്ഷനുകളിൽ ട്രാഫിക് പൊലീസ്, ഹോം ഗാർഡ്, കരാർ കമ്പനി തൊഴിലാളി എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, ബൈപാസ് റോഡിൽ കല്ലുംതാഴത്തെ ഒരു വശം ഉയരപ്പാത വീണ്ടും അടച്ചത് നഗരത്തിലെ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാകാൻ കാരണമായിട്ടുണ്ട്.
ഒരാഴ്ച മുൻപ് റോഡിന്റെ ഒരു വശം യാത്രാസൗജന്യത്തിനായി തുറന്നു കൊടുത്തുവെങ്കിലും ദിവസങ്ങൾക്കകം ഇത് വീണ്ടും അടയ്ക്കുകയാണുണ്ടായത്. ടാറിങ് ജോലികൾ ബാക്കിയുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് തുറന്നുകൊടുത്ത ഉയരപ്പാത വീണ്ടും അടച്ചിട്ടിരിക്കുന്നത്.
ഉയരപ്പാത അടച്ചതോടെ വാഹനയാത്രക്കാർ വീണ്ടും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ദുസ്ഥിതിയാണ് ഉള്ളത്.
മഴ മാറിനിന്നാൽ ടാറിങ് പൂർത്തിയാക്കി ഉയരപ്പാതയുടെ ഒരു ഭാഗം പൂർണമായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, മറുവശം എന്ന് തുറന്നുകൊടുക്കാൻ സാധിക്കും എന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയില്ല.
അവിടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും. ഉയരപ്പാതയ്ക്ക് താഴെയുള്ള കല്ലുംതാഴം ജംക്ഷനിലേക്ക് എത്തണമെങ്കിൽ പുളിയത്ത്മുക്ക് – കല്ലുംതാഴം പെട്രോൾ പമ്പ് റോഡിലെ ലവൽ ക്രോസ് കടന്നുപോകേണ്ട
അവസ്ഥയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ആവശ്യമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പൊലീസ് പുതിയ പദ്ധതികൾക്ക് രൂപം നൽകി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

