വാർധക്യത്തിലെ വിശ്രമജീവിതം നാടിന് മാതൃകയാക്കി മാറ്റുകയാണ് തോട്ടയ്ക്കാട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ. എഴുപത്തേഴാം വയസ്സിലും ദിവസവും തെരുവ് തൂത്തുവാരി വൃത്തിയാക്കുന്ന തോട്ടയ്ക്കാട് നീലംപടവത്ത് അച്ചൻ കെ.മാത്യുവിന്റെ ശുചിത്വ സേവനത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
കോട്ടയം – കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് ചെമ്പിത്താനം പാലം മുതൽ ആശുപത്രിപ്പടി വരെയുള്ള 350 മീറ്ററോളം ദൂരമാണ് ഇദ്ദേഹം ദിവസവും പുലർച്ചെ വൃത്തിയാക്കുന്നത്. തിരുവല്ലയിലെ സിഎസ്ഐ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ് ഡെഫിലെ അധ്യാപകനായിരുന്ന അച്ചൻ കെ.മാത്യു, സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഈ സാമൂഹിക സേവനം പൂർണസമയ ഉത്തരവാദിത്തമായി ഏറ്റെടുത്തത്.
അച്ചൻ കെ.മാത്യു പറയുന്നത്:
“ദിവസവും രണ്ടു മണിക്കൂർ യോഗ ചെയ്യും. അതിനുശേഷമാണ് വീടിനു മുൻപിലുള്ള 350 മീറ്റർ റോഡു വശങ്ങൾ വൃത്തിയാക്കാൻ ഇറങ്ങുന്നത്.
റോഡരികിലെ കാടുകൾ പറിച്ചു മാറ്റിയും പുല്ലുകൾ കളനാശിനി തളിച്ച് നശിപ്പിച്ചും നടപ്പാത വൃത്തിയായി സൂക്ഷിക്കുന്നു. പാതയോരത്ത് മനോഹരമായ ഒട്ടേറെ ചെടികളും വച്ചുപിടിപ്പിച്ചിരുന്നു.
എന്നാൽ വീടുകൾക്ക് മുന്നിലുള്ളതു ഒഴികെ ബാക്കിയുള്ളവ ചില സാമൂഹിക വിരുദ്ധർ പറിച്ചുകൊണ്ടുപോയത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്.” ഈ 350 മീറ്റർ റോഡിന്റെ ഒരു വശം ടൈൽ പതിച്ച മനോഹരമായ നടപ്പാതയാണ്. മറുവശത്ത് ചെടികൾ നട്ടുപിടിപ്പിച്ച് പ്രകൃതിരമണീയമാക്കിയിരിക്കുന്നു.
തോട്ടയ്ക്കാട് നിർമൽ റസിഡന്റ്സ് അസോസിയേഷൻ ട്രഷറർ കൂടിയായ ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനം പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയൊരു പ്രചോദനമാണ്. അതേ സ്കൂളിലെ അധ്യാപികയായിരുന്ന ഭാര്യ ആനി ഫിലിപ്പും (74) ഇദ്ദേഹത്തിന്റെ സൗന്ദര്യവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
യുഎസിലുള്ള അനീഷ് കെ.മാത്യു, ഷാർജയിലുള്ള അഷ മേരി മാത്യു എന്നിവരാണ് മക്കൾ. പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും, മനസ്സുവച്ചാൽ പൊതുവഴികളും നാടും വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തർക്കും സാധിക്കുമെന്നും തന്റെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ അധ്യാപകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

