സംസ്ഥാനത്തിന്റെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറും സംയുക്തമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്.
മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സുപ്രധാന മുന്നേറ്റം പൂർത്തീകരിച്ചിരിക്കുന്നത്. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് പ്രധാനമായും ഈ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്.
ദുരന്ത സാധ്യതയേറിയ പ്രദേശങ്ങളും, നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ ലഭ്യമല്ലാത്ത മേഖലകളുമാണ് ഇതിനായി തെരഞ്ഞെടുത്തത്. ഐഐറ്റി റോപൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട
സെന്റർ ഫോർ എക്സെലെൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഈ നൂതന സംവിധാനത്തിലൂടെ മഴ, കാറ്റ്, താപനില, ആർദ്രത (ഹ്യൂമിഡിറ്റി) തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ തത്സമയം ലഭ്യമാകും.
ശേഖരിക്കുന്ന ഈ വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇത് വഴി പ്രദേശത്തെ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ സർക്കാരിന്റെ വിവിധ സംവിധാനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സാധിക്കും.
കൂടാതെ, ഈ വിവരങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പിനും തത്സമയം കൈമാറും. വിദ്യാലയങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പുറമെ പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ രക്ഷാസേനകൾക്കും ഈ ഡാറ്റ ലഭ്യമാകുന്നതാണ്.
കൂടാതെ, സ്കൂളുകൾക്ക് അക്കാദമിക പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ കാലാവസ്ഥാ ഡാറ്റ ഉപയോഗപ്പെടുത്താം. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150-ഓളം ഓട്ടോമാറ്റിക് മാപിനികളും മഴമാപിനികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ‘വിൻഡ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇത്തരം മാപിനികളുടെ വിപുലമായൊരു ശൃംഖലയാണ് രൂപംകൊണ്ടിരിക്കുന്നത്. ഇതിനുപുറമെ, വയനാട് ജില്ലയ്ക്കായി പ്രത്യേക ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനായി സർക്കാർ ദുരന്ത പ്രതിരോധ ഫണ്ടിൽ നിന്ന് പ്രത്യേക തുക അനുവദിച്ച് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

