സർക്കാർ ഓഫിസുകളിലെ പൊതുജനങ്ങളുടെ കാത്തിരിപ്പുകൾക്കും ഔദ്യോഗിക കർശനതകൾക്കും വ്യത്യസ്തമായൊരു മറുപടി നൽകി ഒരു ഉദ്യോഗസ്ഥന്റെ മേശപ്പുറത്തെ ബോർഡ്. അത്തോളി പഞ്ചായത്ത് ഓഫിസിൽ സ്ഥാപിച്ചിരുന്ന ബോർഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
“ദയവായി ഇരിക്കുക. അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല.” എന്നായിരുന്നു അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിലെ വാചകം.
ഓഫിസിലെത്തുന്ന സാധാരണക്കാർക്ക് ഇരിക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന സന്ദേശം നൽകുന്നതായിരുന്നു ഈ ബോർഡ്. പൊതുജനങ്ങളോടുള്ള കരുതലിന്റെയും സൗഹൃദപരമായ സമീപനത്തിന്റെയും പ്രതീകമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
മുൻ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാറാണ് ഈ മാതൃകാപരമായ ബോർഡ് സ്ഥാപിച്ചത്.
ഓഫിസിലെത്തുന്നവർ ഒഴിഞ്ഞുകിടക്കുന്ന കസേരകൾക്ക് മുന്നിൽപ്പോലും ഇരിക്കാൻ അനുമതി ലഭിക്കുന്നതും കാത്ത് നിൽക്കേണ്ടി വരുന്ന പതിവ് രീതി മാറ്റാനാണ് അദ്ദേഹം ഈ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്. ഒരാഴ്ച മുൻപാണ് ടി.
അനിൽകുമാർ അത്തോളിയിൽ നിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് സ്ഥലംമാറി പോയത്. സ്ഥാനം മാറിയെങ്കിലും പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സൗഹൃദപരമായ ഇടപെടലിന്റെ ഓർമയായി ഈ ബോർഡിന്റെ ചിത്രം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മുൻപ് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന സമയത്തും സമാനമായ രീതിയിൽ ബോർഡ് സ്ഥാപിച്ചിരുന്നതായി ടി. അനിൽകുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

