കൊല്ലം ജില്ലയിലെ പരവൂരിൽ ശ്രദ്ധേയമായ സന്ദർശനവുമായി ആഫ്രിക്കൻ പാരമ്പര്യ വാദ്യ കലാകാരൻ പപ്പ ഡമാസ് എത്തി. മഹാകവി കെ.സി.കേശവപിള്ളയുടെ കുടുംബ വീട്ടിലാണ് അദ്ദേഹം അതിഥിയായി എത്തിയത്.
ഒരു കുടുംബ സുഹൃത്തിന്റെ വിവാഹ വാർഷികച്ചടങ്ങുകളിൽ പങ്കെടുക്കാനായാണ് പപ്പ ഡമാസ് പരവൂരിലെത്തിയത്. അറ്റ്ലാന്റിക് തീരത്തെ മധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണിലെ പ്രശസ്തമായ വാദ്യോപകരണമാണ് ‘എൻഗോമ്പി’ (Ngombi).
വിശുദ്ധ വീണ എന്നറിയപ്പെടുന്ന ഈ സംഗീത ഉപകരണത്തിന്റെ വായനയിലൂടെയും നിർമാണത്തിലൂടെയുമാണ് പപ്പ ഡമാസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഗബോൺ, ഇക്വറ്റോറിയൽ ഗിനി തുടങ്ങിയ രാജ്യങ്ങളിലെ ‘ബവ്തി’ (Bwiti) എന്ന പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് ഈ വിശുദ്ധ വീണ.
തദ്ദേശീയരായ ജനവിഭാഗങ്ങൾ തങ്ങളുടെ വിവിധ ആചാരങ്ങൾക്കും കൂട്ടായ്മകൾക്കും അകമ്പടിയായാണ് എൻഗോമ്പി ഉപയോഗിക്കുന്നത്. പതിനാലാം വയസ്സു മുതൽ വീണ വായിക്കുന്ന വ്യക്തിയാണ് പപ്പ ഡമാസ്.
‘ലാ പെയ്സ്’ (സമാധാനം) എന്ന പേരിലാണ് അദ്ദേഹം ഈ വീണകൾ നിർമിക്കുന്നത്. ആഫ്രിക്കൻ സംഗീത ചരിത്രത്തിലെ ഏറ്റവും പുരാതനമായ ഉപകരണങ്ങളിലൊന്നാണിത്.
ഗബോൺ തലസ്ഥാനമായ ലിബ്രെവില്ലെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ലേ റേഡിയന്റ് വർക്ക് ഷോപ്പിലാണ്’ പൂർണമായും മനുഷ്യ കരങ്ങളുപയോഗിച്ചുള്ള ഈ വീണ നിർമാണം അദ്ദേഹം നടത്തിവരുന്നത്. മികച്ച കൊത്തുപണികളുള്ള പരമ്പരാഗത വീണകൾ നിർമിച്ച് സ്വന്തം പൂർവിക പാരമ്പര്യം നിലനിർത്തുന്നതിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
ഗബോണിന് പുറത്തേക്കുള്ള ഈ സംഘത്തിന്റെ ആദ്യ വിദേശ യാത്രയാണിത് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. പരവൂരിൽ മണിയംകുളം തോടിനോട് ചേർന്നുകിടക്കുന്ന മഹാകവിയുടെ ചരിത്രപ്രസിദ്ധമായ കുടുംബ വീട്ടിലാണ് വിവാഹ വാർഷികച്ചടങ്ങുകൾ നടന്നത്.
ഗബോൺ സ്വദേശിയും കെ.സി.കേശവപിള്ളയുടെ കുടുംബാഗവുമായുള്ള വ്യക്തിപരമായ സൗഹൃദമാണ് പതിനഞ്ചംഗ ഗബോൺ സംഘത്തെ പരവൂരിലെത്തിച്ചത്. പ്രദേശത്തിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും കണ്ട് ഇഷ്ടപ്പെട്ടാണ് സംഘം ചടങ്ങുകൾക്കായി ഈ കുടുംബ വീട് തിരഞ്ഞെടുത്തത്.
ഇവിടെയെത്തിയ ചടങ്ങുകൾക്ക് ശേഷം സംഘം തുടർയാത്രയായി പുണെയിലേക്ക് തിരിച്ചു. എൻഗോമ്പിയുടെ സവിശേഷതകൾ
വളഞ്ഞ കൈപ്പിടിയും മനോഹരമായ കൊത്തുപണികളുമുള്ള ഈ വീണയ്ക്ക് ആകർഷകമായ കമാനത്തിന്റെ ആകൃതിയാണുള്ളത്.
വീണയുടെ അഗ്ര ഭാഗത്ത് മനുഷ്യ ശിരസ്സിന്റെ രൂപം കൊത്തി വെയ്ക്കുന്ന പതിവുണ്ട്. തടി, മൃഗങ്ങളുടെ തൊലി, പ്രകൃതിദത്ത നാരുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ പ്രധാനമായും നിർമ്മിക്കുന്നത്.
എട്ടു മുതൽ പത്തു വരെ തന്ത്രികളിലൂടെയാണ് ഇതിൽ നിന്നും മാന്ത്രിക സംഗീതം പുറപ്പെടുവിക്കുന്നത്. മരിച്ചുപോയ പൂർവികരോട് സംസാരിക്കുന്നതിനുൾപ്പടെയുള്ള ആചാരപരമായ ആരാധനകൾക്കും ഈ വിശുദ്ധ വീണ ഉപയോഗിക്കാറുണ്ട് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

