മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ സൈബർ വിഭാഗം ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ്, പയ്യന്നൂർ എന്നീ പ്രദേശങ്ങളിൽ എത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. കൃത്യത്തിനായി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഐഫോൺ ഒളിത്താവളത്തിന് സമീപത്തുനിന്നും പൊലീസ് കണ്ടെടുത്തു.
അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപമുള്ള ഷൂറാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെയാണ് എന്ന് അർജുൻ ആയങ്കി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെ വൈഫൈ കണക്ഷനാണ് ഇതിനായി ഉപയോഗിച്ചതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചെയ്തുവവരുന്നത്.
തലശ്ശേരി കോടതിയിലാണ് ഇയാളെ ഇന്ന് ഹാജരാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

