രാജ്യത്ത് മൊബൈൽ ഫോൺ സേവന നിരക്കുകൾ വരും ദിവസങ്ങളിൽ വർധിച്ചേക്കുമെന്ന് സൂചന. ഇതിന്റെ മുന്നോടിയായി പ്രമുഖ ടെലികോം ദാതാക്കളായ എയർടെൽ ചില ജനപ്രിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു.
ഡിസംബറിന് മുൻപായി മറ്റ് ടെലികോം കമ്പനികളും നിരക്ക് വർധന നടപ്പിലാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ 2024 ജൂലൈയിലാണ് ടെലികോം ഓപറേറ്റർമാർ അവസാനമായി താരിഫ് വർധന വരുത്തിയത്.
2019-ന് ശേഷം ഇതുവരെ മൂന്ന് തവണയാണ് മൊബൈൽ നിരക്കുകൾ വർധിപ്പിച്ചത്. 5ജി സേവനങ്ങൾക്കായി നടത്തിയ നിക്ഷേപം തിരിച്ചുപിടിക്കണമെങ്കിൽ ഇനിയും 10 മുതൽ 15 ശതമാനം വരെ നിരക്ക് വർധന അനിവാര്യമാണെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
ഇതിന്റെ തുടർച്ചയെന്നോണം വരും ദിവസങ്ങളിൽ വോഡഫോൺ ഐഡിയയും റിലയൻസ് ജിയോയും സമാനമായ നിരക്ക് വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 299, 319, 579, 619, 649 രൂപയുടെ പ്ലാനുകളാണ് എയർടെൽ നിലവിൽ നിർത്തലാക്കിയിരിക്കുന്നത്.
ഈ പ്ലാനുകൾക്ക് പകരമുള്ള ഉയർന്ന നിരക്കിലുള്ള പ്ലാനുകൾക്ക് നിലവിലുള്ളതിനേക്കാൾ 5 മുതൽ 16 ശതമാനം വരെയാണ് വർധന വരുത്തിയിട്ടുള്ളത്. ഉദാഹരണത്തിന്, ഏറെ ജനപ്രിയമായിരുന്ന 299 രൂപയുടെ പ്ലാൻ റദ്ദാക്കിയതോടെ, ഉപയോക്താക്കൾക്ക് ഇനി 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും.
ഇത് ഫലത്തിൽ 16 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാക്കുന്നത്. 299 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡേറ്റ ലഭിച്ചിരുന്ന സ്ഥാനത്ത് 349 രൂപയുടെ പ്ലാനിൽ 2 ജിബി ഡേറ്റയാണ് ലഭ്യമാക്കിയിട്ടുള്ളത്.
അതേസമയം, 199 രൂപയുടെയും 219 രൂപയുടെയും പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനമായ എആർപിയു (ARPU) വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികളുടെ ഈ നടപടി.
കഴിഞ്ഞ ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം എയർടെലിന്റെ എആർപിയു 264 രൂപയാണ്. ഇത് 300 രൂപയിലെത്തിക്കാനാകുമെന്ന് അടുത്തിടെ എയർടെൽ ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയിരുന്നു.
ഭാവിയിൽ എആർപിയു 350 രൂപയായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ നിരക്ക് മാറ്റത്തിലൂടെ 15 മുതൽ 20 ശതമാനം വരെ വരിക്കാർ ഉയർന്ന പ്ലാനുകളിലേക്ക് മാറിയാൽ എയർടെല്ലിന് 8 മുതൽ 12 രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് സാമ്പത്തിക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.
ജൂൺ പാദത്തിലെ കണക്കുപ്രകാരം വോഡഫോൺ ഐഡിയയുടെ എആർപിയു 10 ശതമാനം വർധിച്ച് 190 രൂപയിലും ജിയോയുടേത് 215.8 രൂപയിലുമാണ് എത്തിനിൽക്കുന്നത്. ടെലികോം കമ്പനികൾ ഇത്തരത്തിൽ ജനപ്രിയ പ്ലാനുകൾ പിൻവലിക്കുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ ഓഗസ്റ്റിൽ റിലയൻസ് ജിയോയും തങ്ങളുടെ എൻട്രി ലെവൽ 249 രൂപയുടെ പ്ലാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എയർടെലിന്റെ മാതൃക പിന്തുടർന്ന് മറ്റ് കമ്പനികളും നിരക്ക് കൂട്ടിയാൽ അത് വോഡഫോൺ ഐഡിയക്ക് വലിയ നേട്ടമാകുമെന്നാണ് ജെഎം ഫിൻഡൻഷ്യൽസിന്റെ കണ്ടെത്തൽ.
നിലവിലുള്ള വരിക്കാരിൽ 15 ശതമാനം പേരെങ്കിലും ഉയർന്ന താരിഫിലേക്ക് മാറിയാൽ വിഐയുടെ എആർപിയുവിൽ 7 മുതൽ 8 രൂപയുടെ വരെ വർധനവുണ്ടാകുമെന്നും ഇത് കമ്പനിയുടെ വിപണി മൂല്യം 3 ശതമാനം വരെ വർധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

