പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ കണ്ടക്ടർമാർക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകുന്ന നടപടി ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
പ്രിയദർശിനി ബസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്യൂ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരക്കേറിയ സ്റ്റോപ്പുകളിൽ യാത്രക്കാർ ക്യൂ പാലിച്ച് മാത്രം ബസിൽ പ്രവേശിക്കാൻ തയ്യാറാകണമെന്നും, ഇതുസംബന്ധിച്ച് കെഎസ്ആർടിസി എം ഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത അഞ്ച് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ച കണ്ടക്ടറെ ഫ്ലയിംഗ് സ്ക്വാഡ് പരിശോധനയിലാണ് പിടികൂടിയത്. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായ വിജയൻ എതിരെയാണ് നടപടിക്ക് അധികൃതർ ശുപാർശ ചെയ്തിട്ടുള്ളത്.
സംഭവം സംബന്ധിച്ച് വിജിലൻസ് വിഭാഗത്തിന് വിശദമായ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ സ്ക്വാഡ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് അവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
ടിക്കറ്റിനുള്ള തുക തങ്ങൾ കണ്ടക്ടർക്ക് നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ബസിനകത്ത് നടത്തിയ വിശദമായ പരിശോധനയിൽ മറ്റ് മൂന്ന് പുരുഷ യാത്രികർക്കും സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തി.
ഇവരും ടിക്കറ്റ് തുക നൽകിയിരുന്നതായി മൊഴി നൽകിയതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾക്ക് കളമൊരുങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

