സംസ്ഥാന ജിഎസ്ടി വകുപ്പില്‍ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ നടപടികള്‍ സ്തംഭിച്ചിരിക്കുന്നു.
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (എസ്ടിഒ) തസ്തികയിലേക്ക് നേരിട്ട് നിയമനം ലഭിച്ചവരും വകുപ്പുതല സ്ഥാനക്കയറ്റം വഴി എത്തിയവരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമപോരാട്ടമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് പുതിയ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും, ഇതില്‍ ഗുരുതരമായ പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിച്ച് പ്രൊമോട്ടി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്.
2017-ല്‍ ജിഎസ്ടി വകുപ്പ് രൂപീകരിക്കുന്നതിനും മുമ്പ് ആരംഭിച്ചതാണ് ഈ തര്‍ക്കം. എസ്ടിഒ തസ്തികയിലെ നിയമനങ്ങളില്‍ 20 ശതമാനം നേരിട്ടുള്ള നിയമനത്തിനും ബാക്കി 80 ശതമാനം സ്ഥാനക്കയറ്റത്തിനുമായാണ് മാറ്റിവെച്ചിരുന്നത്.
ഈ രണ്ട് മാര്‍ഗ്ഗങ്ങളിലൂടെ എത്തിയ ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്ന കാര്യത്തിലാണ് അഭിപ്രായവ്യത്യാസമുള്ളത്. നേരിട്ട് നിയമനം ലഭിക്കുന്നവരുടെ ഒരു വര്‍ഷത്തെ പ്രീ-സര്‍വീസ് പരിശീലന കാലയളവ് സര്‍വീസായി പരിഗണിക്കരുതെന്നാണ് പ്രൊമോട്ടി ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം.
2018 നവംബറില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 2017-ലെ പി.എസ്.സി അഡ്വൈസ് തീയതി മുതല്‍ സീനിയോറിറ്റി അനുവദിക്കുന്നത് നീതിയുക്തമല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനിലോ മറ്റോ എത്തിയവരുടെ മുന്‍കാല സേവനവും സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്നുണ്ട്.
ഇതുമൂലം 2016-ല്‍ സ്ഥാനക്കയറ്റം ലഭിച്ചവരെ പോലും, നേരിട്ട് നിയമനം കിട്ടിയ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ താഴെയാക്കുന്ന സ്ഥിതിയുണ്ടെന്നാണ് പ്രധാന പരാതി. എന്നാല്‍, പ്രൊമോട്ടികളുടെ സീനിയോറിറ്റി അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ച തീയതി മാത്രം വെച്ച് നിശ്ചയിക്കാനാകില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.
ഒഴിവുകള്‍ യഥാര്‍ത്ഥത്തില്‍ ഉത്ഭവിക്കുന്ന തീയതി മുതലാണ് സീനിയോറിറ്റി കണക്കാക്കേണ്ടത്. ഈ വാദമുന്നിട്ട് നേരിട്ട് നിയമനം ലഭിച്ച ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ജൂണ്‍ ഒന്നിന് ട്രൈബ്യൂണലില്‍ നിന്ന് നിര്‍ണ്ണായക ഉത്തരവുണ്ടായി. 80 ശതമാനം ക്വാട്ടയില്‍ അധികമായി വന്ന പ്രൊമോട്ടികളെ, നേരിട്ട് നിയമനം ലഭിച്ചവരുടെ താഴെയാക്കി രണ്ട് മാസത്തിനകം പുതിയ സീനിയോറിറ്റി പട്ടിക തയ്യാറാക്കാനായിരുന്നു നിര്‍ദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പട്ടിക തയ്യാറായിട്ടുണ്ടെങ്കിലും അമ്പതോളം ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം ഇനിയും വൈകരുതെന്നാണ് നേരിട്ട് നിയമനം ലഭിച്ച എസ്ടിഒമാരുടെ ആവശ്യം. എസ്ടിഒ റാങ്ക് പട്ടികയില്‍ നിയമനം കാത്തുനില്ക്കുന്ന ഉദ്യോഗസ്ഥരുടെ അവസരങ്ങള്‍ ഇതുമൂലം നഷ്ടപ്പെടരുതെന്നും ഇവര്‍ വാദിക്കുന്നു.
അതേസമയം, നേരിട്ടുള്ള ക്വാട്ടയില്‍ അധിക നിയമനങ്ങള്‍ നിലനില്‍ക്കെ, പുതിയ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് കാണിക്കുന്ന തിടുക്കത്തെ പ്രൊമോട്ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

