പത്തനംതിട്ട ജില്ലയിലെ കുളത്തുമണ്ണിൽ കുടുംബവഴക്കിന്റെ തുമ്പ് പിടിച്ച് കൊലപാതകം.
കുളത്തുമൺ അംബേദ്കർ ഉന്നതിയിൽ കണ്ണൻ എന്ന അനിൽ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദര പുത്രനായ സുധീഷ് (27) നെ കൂടൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. വീടുമായി ബന്ധപ്പെട്ട
തർക്കമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചെങ്ങറയിലായിരുന്നു അനിൽ സ്ഥിരമായി താമസിച്ചിരുന്നത്.
എന്നാൽ കുളത്തുമണ്ണിലുള്ള കുടുംബവീടിനോട് ചേർന്ന് സുധീഷിന്റെ അച്ഛനും അനിലിന്റെ ജ്യേഷ്ഠനുമായ സുനിൽ ഒരു വീട് നിർമ്മിച്ചിരുന്നു. തമിഴ്നാട്ടിൽ താമസിക്കുന്ന സുനിലിന്റെ ഈ വീട്ടിൽ, പ്രദേശത്ത് വരുമ്പോൾ അനിൽ വന്നു താമസിക്കുന്നത് പതിവായിരുന്നു.
അതേസമയം, കൊല്ലൻപടിയിൽ ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് സുധീഷ്. അനിൽ കുടുംബവീട്ടിൽ വന്നു താമസിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ മുൻപും നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
സംഭവദിവസവും ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം പിന്നീട് അടിപിടിയിൽ കലാശിക്കുകയും ഇതിനിടെ സുധീഷ് അനിലിനെ ക്രൂരമായി ചവിട്ടുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് വീണ അനിലിനെ ബന്ധുക്കളും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലായ പ്രതി സുധീഷിനെതിരെ മുൻപും പോക്സോ ഉൾപ്പെടെയുള്ള വിവിധ കേസുകൾ നിലവിലുണ്ടെന്ന് കൂടൽ പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

