വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ ടോൾ ഇളവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ വീണ്ടും അട്ടിമറിക്കപ്പെട്ടു. എംപിയും എംഎൽഎമാരും വിവിധ പഞ്ചായത്ത് അധ്യക്ഷരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം ഇന്നലെ നാലുചക്ര ഓട്ടോറിക്ഷകൾ ടോൾ പ്ലാസ വഴി കടന്നുപോകാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞു.
കലക്ടറും ജനപ്രതിനിധികളും എടുത്ത തീരുമാനം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക ഇമെയിൽ ലഭിച്ചിട്ടില്ലെന്നുമാണ് ടോൾ അധികൃതരുടെ നിലപാട്. തുടർന്ന് പന്തലാംപാടം ജനകീയ കൂട്ടായ്മ ഭാരവാഹികളും നാട്ടുകാരും ടോൾ പ്ലാസ ഓഫീസിലെത്തി കലക്ടറേറ്റിൽ നടന്ന യോഗതീരുമാനങ്ങളുടെ പകർപ്പ് കൈമാറിയെങ്കിലും, തീരുമാനം ഉടൻ നടപ്പാക്കാൻ കഴിയില്ലെന്ന ധിക്കാരപരമായ സമീപനമാണ് കമ്പനി അധികൃതർ സ്വീകരിച്ചത്.
നാലുചക്ര വിഭാഗത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെ സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ച് സൗജന്യ ടോൾ പാസ് അനുവദിക്കുമെന്ന തീരുമാനം അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ കുടുംബസമേതം ടോൾ പ്ലാസ ഉപരോധിക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. ഇതിനിടെ സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
ഇന്നലെ ടോൾ പ്ലാസ വഴി കടന്നുപോയ വടക്കഞ്ചേരി സ്വദേശിയിൽ നിന്നും ടോൾ തുക ഈടാക്കുകയുണ്ടായി. ഇത് യാത്രക്കാർ ചോദ്യം ചെയ്തതിനെ തുടർന്ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് കമ്പനി അധികൃതർ തടിയൂരുയായിരുന്നു.
കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ടി.എം.ശശി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ ടി.കണ്ണൻ, വടക്കഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ്, കണ്ണമ്പ്ര പഞ്ചായത്ത് അധ്യക്ഷ പി.വിജയകുമാരി, ദേശീയപാത ഉദ്യോഗസ്ഥർ, പന്നിയങ്കര ടോൾ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അവലോകനയോഗത്തിലെ തീരുമാനങ്ങളാണ് ഇപ്പോൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്. ജനപ്രതിനിധികൾ പറയുന്നതിനനുസരിച്ചല്ല, മറിച്ച് തങ്ങൾക്ക് ലഭിക്കുന്ന ഔദ്യോഗിക നിർദേശപ്രകാരമാണു ടോൾ പിരിക്കുന്നതെന്നാണ് ജീവനക്കാരുടെ വാദം.
9.4 കിലോമീറ്റർ ചുറ്റളവിലുള്ള ആറ് പഞ്ചായത്തുകളിലെ താമസക്കാർക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന സർവകക്ഷിയോഗ തീരുമാനവും കമ്പനി ലംഘിക്കുകയാണുണ്ടായത്. സമരസമിതി അംഗങ്ങളെ ഒഴിവാക്കി കലക്ടറേറ്റിൽ ചർച്ച നടത്തുകയും, തൊട്ടടുത്ത ദിവസം മുതൽ തീരുമാനങ്ങൾ അട്ടിമറിക്കുകയും ചെയ്യുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികൾ വ്യക്തമാക്കി.
ടോൾ പ്ലാസയ്ക്ക് 7.5 കിലോമീറ്റർ പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. വാഹന ഉടമകൾ മൂന്നു മാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കുമെന്ന് പറയുന്നതെങ്കിലും അക്കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിൽ ചർച്ചകൾ പ്രഹസനമാക്കുന്ന ടോൾ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും, ദേശീയപാതയുടെയും മേൽപാലങ്ങളുടെയും നിർമാണത്തിലെ അനാസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

