കോട്ടയം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി റെയിൽവേ നാഗമ്പടത്ത് സ്ഥലം ഏറ്റെടുത്തുവെങ്കിലും, അങ്കണവാടിക്കായി കുറച്ചുഭാഗം ഒഴിവാക്കിയിടാൻ സന്മനസ്സു കാണിച്ചിരുന്നു. എന്നാൽ റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും നഗരസഭ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
നിലവിൽ ഈ സ്ഥലം പൂർണ്ണമായും കാടുകയറി നാശത്തിന്റെ വക്കിലാണ്. നാഗമ്പടം പാലത്തിന് സമീപത്തുനിന്ന് പനയക്കഴിപ്പ് ഭാഗത്തേക്കുള്ള റോഡരികിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.
ഇവിടെ നഗരസഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിശാസദനവും സാംസ്കാരിക നിലയവും പ്രവർത്തിച്ചിരുന്ന കെട്ടിടവും സമീപസ്ഥലങ്ങളും പദ്ധതിക്കായി റെയിൽവേ ഏറ്റെടുത്തിരുന്നു. ആ സാംസ്കാരിക നിലയത്തിലായിരുന്നു അന്ന് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
അന്നത്തെ സാഹചര്യത്തിൽ നാട്ടുകാരുടെയും നഗരസഭയുടെയും അഭ്യർത്ഥന മാനിച്ചാണ് അങ്കണവാടി കെട്ടിടത്തിനായി ചെറിയൊരു ഭാഗം മാത്രം റെയിൽവേ ഒഴിവാക്കിയിട്ടത്. എന്നാൽ ഈ പ്രദേശം വൃത്തിയാക്കുന്നതിനോ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ പിന്നീട് നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരുവിധ താൽപ്പര്യവും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
പാത ഇരട്ടിപ്പിക്കലിനായി നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 0.1709 ഹെക്ടർ ഭൂമിയാണ് റെയിൽവേ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരമായി അനുവദിച്ച ഏകദേശം 6.7 കോടി രൂപ ഇതുവരെ നഗരസഭ കൈപ്പറ്റിയിട്ടില്ല.
ഈ തുക ഇപ്പോൾ റെയിൽവേ കോട്ടയം അഡിഷനൽ ഡിസ്ട്രിക്ട് കോടതിയിൽ (സ്പെഷൽ) കെട്ടിവച്ചിരിക്കുകയാണ്. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കോടതിയിൽ സമർപ്പിച്ച ഹർജി ഇതുവരെ തീർപ്പായിട്ടില്ല.
മാത്രമല്ല, ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ കോടതിയിൽ ഹാജരാക്കാനും നഗരസഭയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

