ആയിരക്കണക്കിന് വനിതകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് അടിത്തറയിട്ട കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി വിജയകരമായി 17 വർഷങ്ങൾ പിന്നിടുന്നു.
കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തിലെ ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനായ പ്രസാദ് കൈതക്കലും സുഹൃത്തുക്കളും ചേർന്ന് രൂപം നൽകിയ ‘സ്വാശ്രയബോധന കേന്ദ്രം’ ആണ് പിന്നീട് സംസ്ഥാന തലത്തിൽ ഹോം ഷോപ് എന്ന പേരിൽ വ്യാപിപ്പിച്ചത്. തുടക്കത്തിൽ പ്രസാദ് കൈതക്കലിന്റെ ഭാര്യ മഞ്ജുളയുടെ വ്യക്തിഗത സംരംഭത്തിനു കീഴിൽ നിർമിച്ച 25 ഇനം ഉൽപന്നങ്ങൾ സമീപത്തെ 5 പഞ്ചായത്തുകളിലായി 100 വനിതകളിലൂടെയാണ് ഈ കേന്ദ്രം വിപണനം ചെയ്തിരുന്നത്.
കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന സാധ്യതകൾ തേടിയിരുന്ന അന്നത്തെ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫിസർ എൻ.ജഗജീവനും സംഘവും ഈ മാതൃക കണ്ടെത്തുകയും, തുടർന്ന് പദ്ധതി ഔദ്യോഗികമായി ഏറ്റെടുക്കുകയുമായിരുന്നു. 2010 ജൂലൈ 29നു കൊയിലാണ്ടിയിൽ വെച്ച് കുടുംബശ്രീ ഹോം ഷോപ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.
തുടക്കത്തിൽ 3 ഉൽപാദന യൂണിറ്റുകളും 7 ഉൽപന്നങ്ങളും 25 ഹോംഷോപ് ഉടമകളും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഇന്ന് 130-ഓളം ഉൽപന്നങ്ങളും അറുപതോളം ഉൽപാദന യൂണിറ്റുകളും അഞ്ഞൂറോളം വനിതകളിലേക്കും പദ്ധതി വളർന്നിരിക്കുന്നു. ജില്ലയിൽ മാത്രം വിതരണത്തിന് ആയിരത്തോളം ഹോം ഷോപ് ഉടമകളും ബ്ലോക്ക് കോഓർഡിനേറ്റർമാർ, ഓഫിസ് സ്റ്റാഫുകൾ എന്നിവരുൾപ്പെടെ 1500-ൽ അധികം കുടുംബങ്ങളാണ് ഇതിലൂടെ ജീവിക്കുന്നത്.
നിലവിൽ കേരളത്തിലാകെ 40,000-ത്തോളം പേരാണ് ഈ പദ്ധതിയുടെ ഭാഗമായി സ്ഥിരവരുമാനം കണ്ടെത്തിവരുന്നത്. പദ്ധതിയിലൂടെ ലഭിക്കുന്ന സ്ഥിരവരുമാനം തങ്ങളുടെ ജീവിതസാഹചര്യങ്ങൾ പൂർണ്ണമായി മാറ്റിയെടുത്തതായി ഗുണഭോക്താക്കൾ വ്യക്തമാക്കുന്നു.
ഇതിന്റെ വിജയത്തെക്കുറിച്ച് നൊച്ചാട് പഞ്ചായത്ത് ഒന്നാം വാർഡ് ഹോം ഷോപ് ഓണറായ ടി.എം.ബിന്ദു പ്രതികരിക്കുന്നത് ഇങ്ങനെയാണ്: “മാസം 20,000 രൂപ വരെ കമ്മിഷൻ ലഭിക്കും. വിൽപനയ്ക്ക് ആനുപാതികമായി ശ്രീനിധിയെന്ന പേരിൽ ഓരോ വർഷവും 10,000 രൂപയോളം വേറെയും ലഭിക്കുന്നുണ്ട്.
മറ്റ് ആനുകൂല്യങ്ങളുമുണ്ട്. കുടുംബശ്രീയിലെ വായ്പ തിരിച്ചടയ്ക്കാനും ചിട്ടിപ്പണം അടയ്ക്കാനും കഴിയുന്നുണ്ട്.
കുടുംബം നോക്കാൻ സാധിക്കുന്നു. പെയിന്റർ ആയ ഭർത്താവിനു മഴക്കാലത്തു ജോലിയുണ്ടാകാറില്ല.
മകൻ ജോലിക്കു കയറിയിട്ടേയുള്ളു. ഒരു മകളുമുണ്ട്.
പുതിയ വീടു വയ്ക്കണം. എല്ലാ ദിവസവും ജോലിക്കു പോകും.
100ൽ പരം ഉൽപന്നങ്ങൾ വിൽക്കുന്നുണ്ട്.”
ഹോം ഷോപ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
കുടുംബശ്രീ ഉൽപന്നങ്ങളുടെ ജില്ലാതല വിതരണ സംവിധാനമാണിത്. ഇതിനായി ജില്ലാ തലത്തിൽ 5 അംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട്.
ഓരോ പഞ്ചായത്തിലും ഒരു വാർഡിൽ 2 പേർ വീതം ഹോം ഷോപ് ഓണേഴ്സ് (എച്ച്എസ്ഒ) എന്ന നിലയിലാണ് വിതരണം നടക്കുന്നത്. ഉൽപന്നങ്ങൾ അതതു യൂണിറ്റുകൾ നിശ്ചിത ദിവസങ്ങളിൽ ബ്ലോക്ക് ഗോഡൗണുകളിൽ എത്തിക്കണം.
അവിടെ നിന്ന് എച്ച്എസ്ഒമാരുടെ വീടുകളിലേക്ക് മാനേജ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തുന്ന വാഹനങ്ങളിലാണ് ഇവ എത്തിക്കുന്നത്. എച്ച്എസ്ഒമാർക്കായി ചികിത്സാ സഹായം, ശ്രീനിധി ആനുകൂല്യം, പ്രത്യേക ധനസഹായം, മക്കൾക്ക് സ്കോളർഷിപ്, പ്രതിമാസ ഭക്ഷണകിറ്റ്, വിരമിക്കൽ സഹായം തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയുടെ ഭാഗമായി നൽകിവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

