ചാത്തന്നൂർ മേഖലയിൽ സ്പിന്നിങ് മില്ലിനു സമീപം ദേശീയപാതയിലെ എൻട്രി പോയിന്റിൽ പുതിയതായി നിർമ്മിച്ച ഡിവൈഡർ യാത്രാക്ലേശത്തിനും തുടർച്ചയായ അപകടങ്ങൾക്കും കാരണമാകുന്നു. ആറുവരിപ്പാതയും സർവീസ് റോഡും വേർതിരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് ഇവിടെ കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് ബാരിക്കേഡ് സ്ഥാപിച്ചത്.
ഇതിനു പിന്നാലെയാണ് പ്രദേശത്ത് അപകടങ്ങൾ പതിവായത്. ഇന്നലെ രാവിലെ പത്തോടെ ഇതുവഴി വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും പിന്നാലെയെത്തിയ കാറും ഈ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഭാഗ്യവശാൽ ഈ സംഭവത്തിൽ ആർക്കും പരുക്കുകൾറ്റിട്ടില്ല. ശീമാട്ടി മേൽപാത കഴിഞ്ഞ ഉടനെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സർവീസ് റോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നത് സ്പിന്നിങ് മില്ലിന് മുന്നിൽ വെച്ചാണ്.
ഇവിടെ ബാരിക്കേഡ് നിർമ്മിച്ചതോടെ സർവീസ് റോഡിന്റെ വീതി ഗണ്യമായി കുറഞ്ഞു. നിലവിൽ ഒരു വലിയ ബസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം റോഡ് ഇടുങ്ങിയതായി മാറി.
വേഗതയിലെത്തുന്ന വാഹനങ്ങൾക്ക് റോഡിന്റെ വീതിക്കുറവ് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഡിവൈഡർ സ്ഥാപിച്ചതിനുശേഷം ഇതിനോടകം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
മറ്റ് പ്രദേശങ്ങളിലെ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ സർവീസ് റോഡിന്റെ വീതി കുറയാത്ത രീതിയിൽ പ്ലാസ്റ്റിക് കോണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ സ്പിന്നിങ് മിൽ, പെട്രോൾ പമ്പ് തുടങ്ങിയ പ്രധാന മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത അതോറിറ്റിയുടെ നിർമ്മാണമെന്നാണ് ആക്ഷേപം.
സ്പിന്നിങ് മില്ലിലേക്ക് അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളുമായി എത്തുന്ന ഭാരമേറിയ ചരക്കുലോറികൾക്ക് ഇതുമൂലം അകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കാത്ത സ്ഥിതിയുണ്ട്. കൂടാതെ, ഭാവിയിൽ എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്തത് വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം.
ഈ എൻട്രി പോയിന്റിന് തൊട്ടുമുന്നിലായി സ്പിന്നിങ് മില്ലിന്റെ ഉടമസ്ഥതയിലുള്ള പുതിയ പെട്രോൾ പമ്പിന്റെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. ഇവിടെയും വാഹന പ്രവേശനം തടസ്സപ്പെടുന്ന നിലയിലാണ് കാര്യങ്ങൾ.
ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നത് വരാനിരിക്കുന്ന പെട്രോൾ പമ്പിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ്. കൂടാതെ, ഇടുങ്ങിയ സർവീസ് റോഡിന്റെ വശത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഇവിടെ ബസുകൾ നിർത്തിയിടുമ്പോൾ പിന്നാലെ വരുന്ന മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാരംകോട് സഹകരണ സ്പിന്നിങ് മിൽ മാനേജിങ് ഡയറക്ടർ ദേശീയപാത അതോറിറ്റിക്കും ജില്ലാ കലക്ടർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

