ദേശീയപാത 66ൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ വെള്ളക്കെട്ടും ഡ്രെയ്നേജ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) 42.6 കോടി രൂപ അനുവദിച്ചു. അനുവദിച്ച തുകയിൽ 14.05 കോടി രൂപ ആലപ്പുഴ ജില്ലയ്ക്കും 28.55 കോടി രൂപ കൊല്ലം ജില്ലയ്ക്കുമാണ് വകയിരുത്തിയിരിക്കുന്നത്.
എൻഎച്ച്66 ലെ പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര – കൊല്ലം റീച്ചുകളിലെ ഡ്രെയ്നേജ് നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ തുക ഉപയോഗിക്കുക. പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ചവറ തുടങ്ങി വെള്ളക്കെട്ട് പ്രധാനമായും ബാധിക്കുന്ന മേഖലകളിലെ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഈ പദ്ധതി ആശ്വാസമേകും.
തോടുകൾ അടഞ്ഞുപോയതും, ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും, റോഡിന് പുറത്തു നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇത്തരത്തിൽ ദേശീയപാതയുടെ അതിർത്തിക്ക് പുറത്തുനിന്നാണ് പല ഡ്രെയ്നേജ് പ്രശ്നങ്ങളും ഉടലെടുക്കുന്നത് എന്ന് തിരിച്ചറിഞ്ഞാണ് നടപടി.
ഇതിന് പരിഹാരമായി, ദേശീയപാതയിലെ കാനകളെ അടുത്തുള്ള തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും എൻഎച്ച്എഐ തന്നെ വഹിക്കും. ഈ വർഷം ജനുവരി 16, മേയ് 13, ജൂലൈ 15 തീയതികളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള എസ്റ്റിമേറ്റുകൾ അതത് വകുപ്പുകൾ വഴി തയാറാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള ജോലികളുടെ മുഴുവൻ ചെലവും എൻഎച്ച്എഐ തന്നെ വഹിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
വിവിധ ജില്ലകൾ സമർപ്പിച്ച എസ്റ്റിമേറ്റുകളുടെ അടിസ്ഥാനത്തിലാണ് എൻഎച്ച്എഐ തുക അനുവദിക്കുന്നത്. മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം, കണ്ണൂർ, കാസര്കോട് എന്നീ ജില്ലകൾക്കായി നേരത്തെ ആകെ 89.54 കോടി രൂപ അനുവദിച്ചിരുന്നു.
ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയും വെള്ളക്കെട്ട് പ്രശ്നങ്ങളും കൃത്യമായി അറിയുന്ന തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരും ജില്ലാ സാങ്കേതിക വിദഗ്ധരുമാണ് ഇതിന്റെ കണക്കുകളും പ്ലാനുകളും തയാറാക്കുന്നത്. നേരിട്ടുള്ള പരിശോധനകൾക്ക് ശേഷമാണ് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള ഡ്രെയ്നേജ് ശൃംഖല ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇത് ഭാവിയിലും വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ സഹായിക്കും. അനുവദിച്ച തുക ബന്ധപ്പെട്ട
ജില്ലാ കലക്ടർമാരുടെ ഓഫിസുകൾ വഴിയായിരിക്കും കൈകാര്യം ചെയ്യുന്നത്. ലിങ്ക് ഡ്രെയ്നേജ് പ്രവൃത്തികളുടെ നടത്തിപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയോ സംസ്ഥാന/ജില്ലാ ഭരണകൂടങ്ങൾ തീരുമാനിക്കുന്ന മറ്റ് വകുപ്പുകൾ വഴിയോ ആയിരിക്കും പൂർത്തിയാക്കുക.
ഈ സംയോജിത പ്രവർത്തനം വഴി, പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും, പ്രാദേശിക ഏകോപനം ഉറപ്പാക്കാനും, പ്രദേശവാസികൾക്ക് ബുദ്ധിമുട്ടില്ലാതെ ഹൈവേ ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുമാകും. പൊതുജനങ്ങളുടെ നന്മയും സുരക്ഷിതത്വവും മുൻനിർത്തിയാണ് എൻഎച്ച്എഐ പദ്ധതി നടപ്പാക്കുന്നത്.
ദേശീയപാത 66ലെ വെള്ളക്കെട്ട് പൂർണമായി മാറ്റുന്നതിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും കനത്ത മഴയിലും റോഡും പരിസരപ്രദേശങ്ങളും സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

