കോഴിക്കോട് ചൊക്ലി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖയുടെ മരണം സർക്കാർ സ്പോൺസേഡ് മരണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എ.
മുഹമ്മദ് റിയാസ് എംഎൽഎ. വടകര മേപ്പയിൽ സ്വദേശി ദീപ ലേഖയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“റെഡിയായി ഇരുന്നോളൂ, സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരു പൊതുചടങ്ങിൽ പറഞ്ഞത്. മുൻപും യുഡിഎഫിന് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്.
അവരാരും ഇങ്ങനെ പറഞ്ഞിട്ടില്ല. ദീപയുടെത് ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു.
അപകടത്തിൽ കാലിനു പരുക്കേറ്റ് മൂന്നു മാസമായി ചികിത്സയിലുള്ള അവരെ രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥലംമാറ്റിയത്. ഇത് ഒറ്റപ്പെട്ട
സംഭവമല്ല. ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലംമാറ്റിയത്” – അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്ക് തന്നെയാണ് ഇതിനുള്ള ബലം. വൈര്യനിര്യാതന ബുദ്ധിയോടെ മനസ്സിനു വലുപ്പമില്ലാത്ത ചിലരുടെ താൽപര്യങ്ങൾക്ക് ഊർജം പകർന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ്.
ദീപയുടെ മരണത്തിനു കാരണം അതാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മനസ്സിനു വലുപ്പമില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്.
ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെ ജനത്തെ അണിനിരത്തി നേരിടുമെന്നും റിയാസ് കൂട്ടിച്ചേർത്തു. കോഴിക്കോട്ട് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലും അദ്ദേഹം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും വലിയ രാഷ്ട്രീയ ഭീരുവാണെന്നു വി.ഡി.സതീശൻ ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. വിമർശനങ്ങളോട് മുഖ്യമന്ത്രിക്ക് കടുത്ത അസഹിഷ്ണുതയാണ്.
എംഡിഎംഎ കേസിൽ അറസ്റ്റിലായവർക്ക് മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന വാർത്ത വന്നു. സാമൂഹിക മാധ്യമങ്ങളും ചില മാധ്യമങ്ങളും ഇതു വാർത്തയാക്കി.
എന്നാൽ മെറ്റയെ സമീപിച്ച് ആ പോസ്റ്റുകൾ നീക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്തുതിപാഠകരും വാഴ്ത്തു പാട്ടുകാരും മതി എന്നതാണ് നിലപാട്.
വിമർശിക്കുന്ന മാധ്യമങ്ങളെ കടന്നാക്രമിക്കുന്നു. നരേന്ദ്ര മോദിയുടെ പാതയാണ് വി.ഡി.സതീശൻ പിന്തുടരുന്നത്.
സർക്കാർ ജീവനക്കാരോട് എന്ന പോലെ ലഹരി വസ്തുക്കൾ പിടികൂടുന്നതിലും സർക്കാരിന് കോൺഗ്രസുകാരോട് വ്യത്യസ്ത സമീപനമാണോ എന്ന് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

