തിരുവനന്തപുരം ജില്ലയിലെ വിതുര പട്ടൻകുളിച്ചപാറ ഒരുപറ സെറ്റിൽമെന്റിൽ വീട്ടുമുറ്റത്തുനിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഒരുപറ സ്വദേശി അനീഷിന്റെ വീട്ടുമുറ്റത്തെ ചെടികൾക്കിടയിലാണ് ഏകദേശം 14 അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടെത്തിയത്.
ചെടികൾക്കിടയിൽ ഭീമാകാരനായ പാമ്പിനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരുത്തിപ്പള്ളി ആർആർടി അംഗമായ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാഹസികമായി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.
പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിൽ ഇത്രയും വലിയ രാജവെമ്പാലയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും, വനംവകുപ്പ് സംഘത്തിന്റെ സമയബന്ധിതമായ ഇടപെടൽ നാട്ടുകാർക്ക് വലിയ ആശ്വാസമായി മാറി.
കഴിഞ്ഞ മാസം കോട്ടൂർ – ആമല- ആയിരംകാൽ ഉന്നതിയിലായിൽ കിണറ്റിൽ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ റോഷ്നിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം പിടികൂടിയിരുന്നു. കൂടാതെ 2025 ജൂലൈയിലും പേപ്പാറ ഡാം പരിസരത്ത് നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു.
15 അടിയോളം നീളമുള്ളതും 20 കിലോയോളം തൂക്കമുള്ളതുമായ ഒരു ഭീമൻ രാജവെമ്പാലയെ വെറും ആറ് മിനിറ്റ് കൊണ്ടായിരുന്നു അന്ന് റോഷ്നി പിടികൂടി ചാക്കിലാക്കിയത്. ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയും നിരവധി പ്രശംസകൾ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

