സംസ്ഥാനത്തെ പ്രഥമ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട ചാലിശ്ശേരി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ ഹൈടെക് കാത്തിരിപ്പു കേന്ദ്രം നാശത്തിന്റെ വക്കിൽ. മുൻപ് നിലവിലുണ്ടായിരുന്ന കോൺക്രീറ്റ് കാത്തിരിപ്പു കേന്ദ്രം തകർന്നതിനെ തുടർന്ന് 2015–16 സാമ്പത്തിക വർഷത്തിലാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതിയ ഹൈടെക് കേന്ദ്രം യാഥാർത്ഥ്യമാക്കിയത്.
റേഡിയോ, വൈഫൈ, എഫ്എം സംവിധാനം, സോളർ ലൈറ്റുകൾ, ലഘു പുസ്തകശാല തുടങ്ങിയ സവിശേഷതകളോടെയായിരുന്നു ഇതിന്റെ നിർമാണം. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുന്നതിന് മുൻപ് തന്നെ ഇവിടത്തെ പ്രധാന സംവിധാനങ്ങൾ പലതും പ്രവർത്തനരഹിതമായി മാറി.
തുടർന്ന് 2019ൽ കേന്ദ്രത്തിന്റെ നെയിം ബോർഡും നിലംപൊത്തി. നിലവിൽ മേൽക്കൂരയും ഇരിപ്പിടങ്ങളും പൂർണമായും തകർന്ന നിലയിലാണ്.
ഇതിനു ചുറ്റും കാടുകയറി നശിക്കുകയും ചെയ്തിട്ടുണ്ട്. ചാലിശ്ശേരി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഭാഗങ്ങളിലായി പഠനം നടത്തുന്ന മൂവായിരത്തോളം വിദ്യാർഥികളിൽ വലിയൊരു വിഭാഗം യാത്രാവേളകളിൽ ഈ കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കാത്തിരിപ്പു കേന്ദ്രം തകർന്നതോടെ മഴ നനയാതെ ബസ് കാത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിലവിൽ സമീപത്തെ കടത്തിണ്ണകളെയാണ് യാത്രക്കാരും വിദ്യാർഥികളും ആശ്രയിക്കുന്നത്. ഇതിനുപുറമെ, എംഎൽഎ ഫണ്ട് വിനിയോഗിച്ച് സ്കൂളിന് തൊട്ടുമുന്നിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും മാസങ്ങളായി പ്രകാശിക്കുന്നില്ല.
തകർന്നുകിടക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം എത്രയും പെട്ടെന്ന് പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

