തിരുവനന്തപുരം ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മുൻ അംഗവുമായ കെ.ബി.ഗണേഷ് കുമാർ രംഗത്ത്. ‘എൻഎസ്എസിൽ അഴിമതിയും സ്വജനപക്ഷപാതവുമാണു നടക്കുന്നത്.
പ്രസ്ഥാനം ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു. സുകുമാരൻ നായരെ ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്.
സമദൂര സിദ്ധാന്തത്തെയാണു ഞാൻ എതിർത്തത്. മന്നം സമാധി വീണ്ടെടുക്കാൻ വൈക്കത്തുനിന്നു സമാധിയിലേക്ക് ജാഥ നടത്തേണ്ടിയിരിക്കുന്നു’– ഗണേഷ് കുമാർ വ്യക്തമാക്കി.
നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് പരിപാടിക്കായി ബുക്ക് ചെയ്തിരുന്നെങ്കിലും ഗണേഷ് പങ്കെടുക്കുന്നതായി അറിഞ്ഞതോടെ അനുമതി നിഷേധിച്ചെന്നു സംഘാടകർ പറയുന്നു.
പരിപാടി പ്രസ് ക്ലബ് ഹാളിലാണു നടന്നത്. അതേസമയം, വൈദ്യുതി മുടങ്ങിയതിനാലാണു വേദി മാറ്റാൻ നിർദേശിച്ചതെന്നു നാഷനൽ ക്ലബ് സെക്രട്ടറി എസ്.അനിൽകുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

