സൗദി അറേബ്യയുടെ പ്രധാന ഓഹരി വിപണിയായ തദാവുല്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകരുടെ ഓഹരി മൂല്യത്തില്‍ 10.28 ബില്യണ്‍ റിയാലിന്റെ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
വിദേശ സ്ഥാപനങ്ങള്‍ നടത്തിയ വലിയ തോതിലുള്ള നിക്ഷേപങ്ങളാണ് ഈ ചരിത്ര മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. ഈ വളര്‍ച്ചയോടെ വിദേശ നിക്ഷേപകരുടെ ആകെ ഓഹരി മൂല്യം 448.16 ബില്യണ്‍ റിയാലായി ഉയര്‍ന്നു.
തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ഇത് 437.87 ബില്യണ്‍ റിയാല്‍ ആയിരുന്നു. ഇതില്‍ വിദേശ സ്ഥാപനങ്ങളുടെ മാത്രം നിക്ഷേപം 370 ബില്യണ്‍ റിയാലിലേക്ക് എത്തിയിട്ടുണ്ട്.
വിദേശ നിക്ഷേപകര്‍ക്ക് പുറമെ സ്വദേശി നിക്ഷേപകരുടെ ഓഹരി മൂല്യത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. 69 ബില്യണ്‍ റിയാലിന്റെ വളര്‍ച്ചയോടെ സൗദി നിക്ഷേപകരുടെ ആകെ വിഹിതം 9.01 ട്രില്യണ്‍ റിയാലായി മാറി.
ഇതില്‍ സൗദി സ്ഥാപനങ്ങളുടെ വിഹിതം മാത്രം 8.182 ട്രില്യണ്‍ റിയാലാണ്. കൂടാതെ, മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരുടെ ഓഹരി മൂല്യം 75.48 ബില്യണ്‍ റിയാലായും ഉയര്‍ന്നു.
ബാങ്കിംഗ്, എനര്‍ജി തുടങ്ങിയ നിര്‍ണായക മേഖലകളുടെ മികച്ച പ്രകടനമാണ് വിപണിക്ക് കരുത്തായത്. ഈ ശക്തമായ വ്യാപാരത്തിന്റെ ഫലമായി സൗദി പ്രധാന ഓഹരി സൂചികയായ ‘താസി’ 2.09 ശതമാനം നേട്ടമാണ് കൈവരിച്ചത്.
തദാവുല്‍ പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിവരങ്ങളുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

