പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കാട്ടാമലയിൽ പ്രതിയായ അർജുൻ ആയങ്കിയെ ലക്ഷ്യമാക്കി നടത്തിയ അർധരാത്രിയിലെ പൊലീസ് പരിശോധനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു രംഗത്ത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടിയെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കെ.പി.ഉദയഭാനുവിന്റെ വാക്കുകൾ ഇങ്ങനെ: ‘‘വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്.
അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട്. ആ രീതിയിലേക്കു ഞങ്ങളെ ചിന്തിപ്പിക്കരുത്.
ഏതെങ്കിലും എരപ്പാളികൾ പറയുന്നതു കേട്ടു പാവപ്പെട്ടവന്റെ വീടു കയറിയാൽ പൊലീസുകാർ വന്നതുപോലെ പോകില്ല. ആ രീതിയിൽ ഞങ്ങൾ പ്രതികരിക്കും’’.
കൂടാതെ പോലീസിന്റെ അധികാരത്തെയും പ്രവർത്തന ശൈലിയെയും അദ്ദേഹം മറ്റൊരു ഉദാഹരണത്തിലൂടെ വിമർശിക്കുകയുണ്ടായി. പൊലീസ് ചൂട്ട് പോലെയാണെന്നും വഴിയാത്രക്കാരനു കിട്ടിയാൽ അതു വഴിതെളിക്കും, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പ്രവർത്തിക്കണമെന്നും ആരും സംരക്ഷിക്കാനുണ്ടാകില്ലെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

