കൊട്ടാരക്കര∙ നന്മയുടെ വഴികളിൽ സജീവമായിരുന്ന ചിന്നമ്മ ജോൺ (93) അന്തരിച്ചു. പുലമൺ നീലാംവിള പുത്തൻ വീട്ടിൽ ചിന്നമ്മ ജോൺ, കോവിഡ് കാലത്തെ ദുരിതങ്ങളിലും അനാഥാലയങ്ങൾക്കും സമൂഹത്തിനും കൈത്താങ്ങായി പ്രവർത്തിച്ച വ്യക്തിയാണ്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെയും ആദരവിന് പാത്രമായിട്ടുള്ള ഇവർ, കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലല്ല ജനിച്ചതെങ്കിലും, സഹജീവി സ്നേഹം കൈമുതലായുള്ള ചിന്നമ്മ തനിക്ക് സാധ്യമായ രീതിയിലുള്ള സഹായങ്ങൾ അർഹരിലേക്കെത്തിച്ചു.
കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ കലയപുരം സങ്കേതത്തിലും വിവിധ അനാഥാലയങ്ങളിലുമായി ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങളാണ് ഇവർ എത്തിച്ചു നൽകിയത്. പത്തനാപുരം ഗാന്ധിഭവനിൽ സഹായവുമായെത്തിയ വേളയിൽ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചിന്നമ്മയുടെ പ്രവർത്തനങ്ങളെ നേരിട്ട് അഭിനന്ദിച്ചിരുന്നു.
കോവിഡ് കാലത്ത് വിദ്യാർഥികളുടെ ഓൺലൈൻ പഠനം മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ മുടങ്ങിപ്പോകുന്നത് മനസ്സിലാക്കിയ ചിന്നമ്മ, സാമ്പത്തികശേഷിയുള്ള പലരെയും ബന്ധപ്പെട്ട് അഞ്ച് സ്മാർട്ട് ഫോണുകൾ തരപ്പെടുത്തി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ‘മനുഷ്യനെ ഭൂമിയിലേക്ക് അയച്ച ദൈവം തിരികെ ചെല്ലുമ്പോൾ കണക്ക് ചോദിക്കും’.
ചെയ്ത നൻമയുടെ കണക്കാണിത്. ഒന്നും ചെയ്യാത്തവൻ എന്ത് കണക്ക് നൽകുമെന്ന് ചിന്നമ്മ ചോദിക്കുമായിരുന്നു.
സഹജീവികളെ സഹായിക്കുക എന്നത് മനുഷ്യന്റെ കടമയാണെന്ന കാഴ്ചപ്പാടോടെ ജീവിച്ച വ്യക്തിയായിരുന്നു അവർ. കലയപുരം സങ്കേതം ഡയറക്ടർ കലയപുരം ജോസ് ഉൾപ്പെടെയുള്ളവർക്ക് ചിന്നമ്മയുടെ വിയോഗം വലിയൊരു നഷ്ടമാണ്.
ഒരമ്മയുടെ കരുതലും സാന്ത്വനവുമായിരുന്നു അവർ സമൂഹത്തിന് സമ്മാനിച്ചത്.

