സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ തുക തട്ടിയെടുത്തതായി നിക്ഷേപകരുടെ പരാതി. സ്വർണ നിക്ഷേപത്തിന്റെയും ജ്വല്ലറി ബിസിനസിന്റെയും പേരിൽ 350 കോടി രൂപ സമാഹരിച്ച ശേഷം ജ്വല്ലറി ഉടമകളായ സഹോദരങ്ങൾ മുങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
തൃശൂർ പുതുക്കാട് സ്വദേശികളായ സഹോദരങ്ങൾ വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ ആരംഭിച്ചാണ് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25-ലേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നിക്ഷേപകർ വ്യക്തമാക്കി.
പണം നഷ്ടപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ളവർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ നിത്യേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരുമെന്നായിരുന്നു പ്രധാന വാഗ്ദാനം. 2023-ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം ലഭിച്ചിരുന്നെങ്കിലും, പിന്നീട് ഇത് നിലയ്ക്കുകയും ജ്വല്ലറികൾ പൂട്ടി ഉടമകൾ അപ്രത്യക്ഷരാവുകയും ചെയ്തു.
തട്ടിപ്പിനിരയായ തൃശൂർ സ്വദേശി വി.എസ്.അഷ്റഫ്, കോഴിക്കോട് സ്വദേശികളായ പി.എം.സുനിൽകുമാർ, വി.കെ.റംല, കെ.ഷൈജു എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതിനുപുറമെ കൺസോർഷ്യം രൂപീകരിച്ചും വലിയ തോതിൽ പണം തട്ടിയെടുത്തിട്ടുണ്ട്.
പത്ത് പേരിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം സമാഹരിച്ച് പുതിയ ജ്വല്ലറികൾ സ്ഥാപിക്കുകയും, നടത്തിപ്പ് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു ഇവരുടെ രീതി. എന്നാൽ 2025-ഓടെ ഈ സ്ഥാപനങ്ങളും പൂട്ടി ഇവർ കടന്നുകളയുകയായിരുന്നു.
ജ്വല്ലറി ബിസിനസ് അവസാനിപ്പിച്ച ഈ സഹോദരങ്ങൾ, നിലവിൽ ടൂറിസം പദ്ധതിയുടെ മറവിൽ തൃശൂർ കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

