ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാകുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബുലോസയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും നടത്തിയ പുന്നമട സന്ദർശനം.
പുന്നമടക്കായലിന്റെയും ചരിത്രപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രശസ്തി അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിനും ജില്ലയിലെ ടൂറിസം വികസനത്തിനും ഈ യാത്ര ഏറെ സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കായലുകളുടെ സൗന്ദര്യം നേരിട്ട് ആസ്വദിച്ചും വള്ളംകളിയുടെ ആവേശം അനുഭവിച്ചറിഞ്ഞും വീണ്ടും ഇവിടെയെത്തുമെന്ന ഇരുവരുടെയും പ്രസ്താവന ജില്ലയുടെ ടൂറിസം സാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്.
മൈക്കൽ ബുലോസയ്ക്കൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന ചിത്രം ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ശനിയാഴ്ച തന്നെ എക്സിൽ പങ്കുവെച്ചിരുന്നു. ‘വെൽകം ബാക് ടു ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് ആലപ്പുഴയുടെ മനോഹരമായ കായൽ പശ്ചാത്തലത്തിലുള്ള ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തത്.
സന്ദർശനത്തിന് തലേദിവസം വൈകിട്ടാണ് ഹൗസ് ബോട്ട് ഉടമയെ ഔദ്യോഗികമായി വിവരം അറിയിച്ചത്. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളുടെ മാസ്മരിക പ്രകടനം നേരിട്ട് കാണാനുള്ള അതീവ താല്പര്യം യുഎസ് സംഘം പ്രകടിപ്പിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് 3.30ന് നടന്ന നടുഭാഗം ചുണ്ടന്റെ പരിശീലന തുഴച്ചിൽ കണ്ട ശേഷം മടങ്ങാമെന്ന് ഹൗസ് ബോട്ട് അധികൃതർ അറിയിച്ചെങ്കിലും, അടുത്ത വള്ളം കൂടി കണ്ടിട്ടേ മടങ്ങൂ എന്ന് മൈക്കൽ ബുലോസ പ്രത്യേകമായി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് വൈകുന്നേരം 4 മണിയോടെ നടന്ന നിരണം ചുണ്ടന്റെ ട്രാക്ക് എൻട്രിയും വീക്ഷിച്ച ശേഷമാണ് സംഘം ജെട്ടിയിലേക്ക് തിരിച്ചുപോയത്. ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ജലനിരപ്പ്, കായൽ ആവാസവ്യവസ്ഥ, പരമ്പരാഗത കൃഷിരീതികൾ എന്നിവയെക്കുറിച്ചെല്ലാം യുഎസ് സംഘം അതീവ താല്പര്യത്തോടെ ചോദിച്ചു മനസിലാക്കി.
ഹൗസ് ബോട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ജെട്ടിയിൽ തടിച്ചുകൂടിയ ജനങ്ങളെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത ശേഷമാണ് മൈക്കൽ ബുലോസ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ഡോണൾഡ് ട്രംപിന്റെ മകൾ ടിഫനി ട്രംപും ഭർത്താവ് മൈക്കൽ ബുലോസായും ഇന്ത്യ സന്ദർശിച്ചിരുന്നു.
അന്ന് താജ്മഹൽ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച വിവരങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ലെബനനിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ പ്രമുഖ കോടീശ്വരനും ബിസിനസുകാരനും നയതന്ത്രജ്ഞനുമായ മസാദ് ബുലോസയുടെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ ബുലോസ.
മോട്ടോർ സൈക്കിളുകൾ, ട്രക്കുകൾ, വൻകിട യന്ത്രസാമഗ്രികൾ എന്നിവ നിർമിക്കുന്ന ബുലോസാ എന്റർപ്രൈസസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് അദ്ദേഹം.
ഡോണൾഡ് ട്രംപിന്റെയും രണ്ടാം ഭാര്യ മാർല മേപ്പിൾസിന്റെയും മകളായ ടിഫനി ട്രംപിനെ 2021-ലാണ് മൈക്കൽ ബുലോസ വിവാഹം കഴിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

