കൊടും കുറ്റവാളിയെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുന്നു.
കണ്ണൂരിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ നിയമനടപടികളുടെ ഭാഗമായി കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ, അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ വളപട്ടണം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അഭിഭാഷകയെ കാണാൻ എത്തിയ വേളയിലാണ് പുലർച്ചെയോടെ പൊലീസ് ഇയാളെ പിടികൂടിയത്.
23 കേസുകളിൽ പ്രതിയായ അർജുനെതിരെ കാപ്പ (KAAPA) ചുമത്താൻ പൊലീസ് ഔദ്യോഗികമായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇയാൾ കൊടും ക്രിമിനലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഹൈക്കോടതിക്കും സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കും.
രണ്ട് വധശ്രമക്കേസുകളും ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസുകളും തട്ടിക്കൊണ്ടുപോകൽ കുറ്റവും ഉൾപ്പെടെ നിരവധി ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2014 മുതൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുൻ ആയങ്കി എന്ന് വിവിധ കേസുകളിലെ കുറ്റപത്രങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 12 കേസുകൾ നിലവിലുണ്ട്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 ക്രിമിനൽ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.
പ്രതിക്കെതിരെ ഉടൻ തന്നെ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ പുലർച്ചെ രണ്ടരയോടെ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കി പിടിയിലാകുന്നത്.
ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ നിർണായക വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
പൊലീസ് തന്റെ ഒളിത്താവളം കണ്ടെത്തിയെന്ന് സംശയിച്ച പ്രതി, ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് വരുത്തുകയും കാറിൽ കണ്ണൂർ ടൗണിലേക്ക് എത്തുകയുമായിരുന്നു.
എന്നാൽ ഓട്ടോ ഡ്രൈവർ കൃത്യസമയത്ത് പൊലീസിനെ വിവരം അറിയിച്ചതോടെ പദ്ധതി പാളി. സ്ഥലത്ത് പൊലീസ് എത്തിയ ഉടൻ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

