തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മാസം 31-ാം തീയതി ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വിഴിഞ്ഞത്തുനിന്നു കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോൺ മത്യാസ് (54), അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞു കാണാതായ ഷിജിൻ (32) എന്നിവർക്കായാണ് സംയുക്ത തെരച്ചിൽ നടക്കുന്നത്.
പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്ന ശക്തമായ കാറ്റും കടൽച്ചുഴിയും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. എങ്കിലും കനത്ത പ്രതികൂല കാലാവസ്ഥ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ അഴിമുഖത്ത് ബോട്ട് മറിഞ്ഞു കാണാതായ ഷിജിനു വേണ്ടി വിഴിഞ്ഞത്തു നിന്നുള്ള മുങ്ങൽ വിദഗ്ധരടങ്ങുന്ന സ്കൂബ ടീമും പ്രാദേശിക മത്സ്യത്തൊഴിലാളികളും ചേർന്ന് അഴിമുഖ മുനമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ പരിശോധന നടത്തി. എന്നാൽ മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് തെരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.
വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് തെരച്ചിൽ ഇന്നും തുടരുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഷീജ മേരി വ്യക്തമാക്കി. വ്യോമ നിരീക്ഷണത്തിനായി കൊച്ചിയിൽ നിന്നുള്ള എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും വീണ്ടും എത്തും.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ 72 മണിക്കൂർ നീളുന്ന രണ്ടാംഘട്ട തെരച്ചിൽ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കോസ്റ്റ് ഗാർഡിന്റെ വലിയ കപ്പലിനു പുറമേ, വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള ‘അനഘ്’, ഇന്റർസെപ്റ്റർ ബോട്ട് ‘സി 427’, മറൈൻ എൻഫോഴ്സ്മെന്റിന്റെ ‘ധീര’ എന്നീ ബോട്ടുകളും മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ, രണ്ട് മറൈൻ ആംബുലൻസുകൾ എന്നിവയും തെരച്ചിലിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. കഴിഞ്ഞ 31-ാം തീയതി രാത്രിയിലുണ്ടായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞാണ് ജോൺ മത്യാസിനെ കാണാതാകുന്നത്.
മത്സ്യത്തൊഴിലാളികളുടെ അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷുബ്ധമായിരുന്ന മുതലപ്പൊഴി, അഞ്ചുതെങ്ങ് മേഖലകളിൽ ഇന്നലെ ശാന്തത അനുഭവപ്പെട്ടു. അപകടത്തിൽപെട്ട
മത്സ്യത്തൊഴിലാളികളുടെ വീടുകൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജി.ആർ. അനിൽ എംഎൽഎ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദർശിച്ചു.
ഷിജിനെ കണ്ടെത്തുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്നും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ജി.ആർ. അനിൽ ആരോപിച്ചു.
അതേസമയം, മഴക്കെടുതി മൂലമുണ്ടായ ദുരന്തമുഖങ്ങളിൽ സർക്കാരിന്റെ സാന്നിധ്യവും സാന്ത്വനവും വേണ്ടത്ര അനുഭവപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി. മുതലപ്പൊഴി, അഞ്ചുതെങ്ങ്, കല്ലിയൂർ, വിഴിഞ്ഞം തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിൽ കാണാതായ അച്ഛനെ കാത്തിരിക്കുന്ന മകൾക്ക് മുഖ്യമന്ത്രി ഫോൺ ചെയ്തതാണ് വലിയ രക്ഷാപ്രവർത്തനമായി ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് ഒരു ഫിഷറീസ് മന്ത്രിയുണ്ടോ എന്ന് തീരപ്രദേശത്തുള്ളവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
മഴക്കെടുതിയോടനുബന്ധിച്ച് തുറന്ന ക്യാംപുകളിലെ സ്ഥിതി തീർത്തും പരിതാപകരമാണെന്നും, അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരവും ജോലിയും സർക്കാർ ഉടൻ നൽകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

