സംസ്ഥാനത്ത് ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച കേസിലെ പ്രതിയായ അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്നും പിടികൂടാനുണ്ടായ നിർണായക വിവരങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്.
ഓട്ടോറിക്ഷയിലാണ് അർജുൻ ആയങ്കി കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിലെത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പൊലീസ്, എത്തിയത് അർജുൻ ആയങ്കി തന്നെയാണെന്ന് ഉറപ്പുവരുത്തി. പിന്നാലെ പുലർച്ചെ രണ്ടു മണിയോടെ അഭിഭാഷകയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
റെയ്ഡ് നടക്കുന്ന സമയത്ത് അർജുനൊപ്പം മറ്റൊരു സുഹൃത്തും ഇവിടെയുണ്ടായിരുന്നു. പൊലീസ് സംഘം എത്തിയ ഉടൻ തന്നെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ ആ നീക്കം പരാജയപ്പെടുത്തുകയായിരുന്നു.
പിടിയിലായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച അർജുൻ, “പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും” വ്യക്തമാക്കി. “കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും” പ്രതി കൂട്ടിച്ചേർത്തു.
കടലിൽ കാണാതായവരെ കിട്ടിയോ എന്നും ഇയാൾ പരിഹാസരൂപേണ ചോദിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും വളരെ ശാന്തനായ രീതിയിലായിരുന്നു അർജുൻ ഉദ്യോഗസ്ഥരോട് പെരുമാറിയത്.
സ്റ്റേഷനിലുണ്ടായിരുന്ന പത്രങ്ങളെല്ലാം ഇയാൾ വായിക്കുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ക്യാമറകൾക്ക് മുന്നിൽ മുഖം തിരിക്കാൻ പോലും ഇയാൾ തയ്യാറായില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിക്കാൻ അതീവ ആധുനിക സാങ്കേതികവിദ്യകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വൈഫൈ കോളിങ്ങും ഐപി മാസ്കിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയാണ് അർജുൻ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നത്.
വ്യാജ ഇന്റർനെറ്റ് ലൊക്കേഷനുകൾ സൃഷ്ടിച്ച് പൊലീസിനെ തെറ്റായ വഴികളിലേക്ക് തിരിച്ചുവിടാനും ഇയാൾക്ക് സാധിച്ചിരുന്നു. ടവർ ലൊക്കേഷനുകൾ നിരന്തരം മാറ്റിമറിച്ചും ഒളിവിൽ കഴിയുന്നതിനിടയിൽ വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചുമാണ് ഇയാൾ പൊലീസിനെ വട്ടംകറക്കിയത്.
അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരൻ അഖിൽ തൃശൂർ വടക്കുംനാഥൻ ക്ഷേത്രപരിസരത്തുനിന്നും, സുഹൃത്തുക്കളായ സൗദ്, ഇസ്മായിൽ എന്നിവരെ കൊച്ചിയിൽ നിന്നും പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തിനു സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിനു നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയും ഊന്നുകൽ എസ്എച്ച്ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിക്കുന്നത് തുടർന്നതാണ് അടിയന്തര അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

