കോഴിക്കോട്: രാജ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് വൈകുന്നു. നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (എൻഎംസി) നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് കേരളത്തിൽ ഇതുസംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത്.
സംസ്ഥാനത്തെ ഫീസ് റഗുലേറ്ററി കമ്മറ്റി ഇതുവരെ പുനഃസംഘടിപ്പിക്കാത്തതാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിന് തടസ്സമായിരിക്കുന്നത്. എൻഎംസി ചട്ടപ്രകാരം രാജ്യത്തെ എംബിബിഎസ് പഠന കാലയളവ് നാലര വർഷം അതായത് അമ്പത്തി നാല് മാസമാണ്.
എന്നാൽ ഇന്റേൺഷിപ്പ് കാലാവധി കൂടി ഉൾപ്പെടുത്തി അഞ്ചു വർഷത്തെ ഫീസ് ഈടാക്കുന്ന രീതിയാണ് കേരളത്തിലെ സ്വാശ്രയ കോളേജുകൾ തുടരുന്നത്. മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന ഒരു വിദ്യാർത്ഥിയിൽ നിന്ന് ശരാശരി ഒൻപത് ലക്ഷം രൂപ വരെയാണ് വാർഷിക ഫീസായി ഈടാക്കുന്നത്.
വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് അക്കാദമിക് കാലയളവായ നാലര വർഷത്തെ ഫീസ് മാത്രം വാങ്ങണമെന്നും, മുൻ വർഷങ്ങളിൽ അധികമായി ഈടാക്കിയ ആറു മാസത്തെ ഫീസ് തിരികെ നൽകണമെന്നും എൻഎംസി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ പുതിയ അക്കാദമിക് വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചിട്ടും ഫീസ് സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. റഗുലേറ്ററി കമ്മിറ്റി അടിയന്തരമായി പുനഃസംഘടിപ്പിച്ച് എൻഎംസി മാർഗ്ഗനിർദ്ദേശപ്രകാരം പുതിയ ഫീസ് ഘടന രൂപീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം.
നിലവിലുള്ള വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കി അഞ്ച് വർഷത്തെ ഫീസ് ഈടാക്കാൻ മാനേജ്മെന്റുകൾ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്. അധികമായി ഈടാക്കിയ തുക തിരികെ നൽകണമെന്ന എൻഎംസി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിയിരിക്കുകയുമാണ്.
എന്നാൽ ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകുന്നുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

