സംസ്ഥാനപാതയിലെ തുടർച്ചയായ വാഹനപകടങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി നാട്ടുകാർ. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ദാരുണമായ സംഭവങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
റോഡിന്റെ അശാസ്ത്രീയ നിർമാണവും വാഹനങ്ങളുടെ അമിതവേഗവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാസങ്ങൾക്ക് മുൻപാണ് കല്ലുപുറം – കുന്നംകുളം റോഡ് നവീകരണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
എന്നാൽ കേവലം പത്ത് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ പാതയിൽ ജീവഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചെറുതും വലുതുമായ അപകടങ്ങളാണ് ഇവിടെ ദിവസേന നടക്കുന്നത്.
കഴിഞ്ഞ ദിവസം അക്കിക്കാവിൽ ലോറിയിടിച്ച് ഇരുപത്തിനാലുകാരനായ ഇരുചക്രവാഹന യാത്രികൻ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതിനുപുറമെ, നിയന്ത്രണം വിട്ട
കെഎസ്ആർടിസി ബസ് റോഡരികിലെ പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ മരണപ്പെട്ട സംഭവവും അടുത്തിടെയുണ്ടായി.
വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ പലരും ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും റോഡിൽ സുരക്ഷയൊരുക്കാൻ ബന്ധപ്പെട്ട
അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പെരുമ്പിലാവ് ജംക്ഷനിലും അക്കിക്കാവിലും ഗതാഗതം നിയന്ത്രിക്കാനായി സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകൾ ഏറെക്കാലമായി പ്രവർത്തനരഹിതമാണ്.
റോഡ് നവീകരണം പൂർത്തിയായെങ്കിലും ചില ഭാഗങ്ങളിൽ ഇപ്പോഴും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയൊന്നും ഇനിയും ഇവിടെ ഒരുക്കിയിട്ടില്ല.
വിവിധ കാരണങ്ങളാൽ ഈ പാതയിൽ സ്വകാര്യ ബസുകളുടെ സർവീസ് കുറഞ്ഞിട്ടുണ്ട്. ഗതാഗതക്കുരുക്കും മുൻപത്തെ അപേക്ഷിച്ച് കുറവാണ്.
എന്നിട്ടും ബസുകൾ എന്തിനാണ് ഇത്രയധികം വേഗത്തിൽ പായുന്നതെന്ന് വ്യക്തമല്ല. വേഗത നിയന്ത്രിക്കാൻ ചില ബസുടമകൾ അനുവദിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചീറിപ്പായുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന പരിശോധന നടത്താനും നടപടിയെടുക്കാനും പൊലീസും മോട്ടർ വാഹന വകുപ്പും തയ്യാറാകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

