ഇറാൻ – യുഎസ് സമാധാന കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ച് സൗദി അറേബ്യ. ഗൾഫിലെ ചില എണ്ണ ഉൽപാദക രാജ്യങ്ങൾ ഹോർമുസ് വഴി അസംസ്കൃത എണ്ണ കയറ്റുമതി ആരംഭിച്ചതോടെയാണ് വില കുറയ്ക്കാൻ സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ തീരുമാനിച്ചത്.
അടുത്ത മാസം മുതൽ ഏഷ്യയിൽ നിന്നുള്ള കമ്പനികൾക്ക് അറബ് ലൈറ്റ് എണ്ണ ബാരലിന് 50 സെന്റ് കുറയും. ഇതോടെ, പ്രാദേശിക ബെഞ്ച് മാർക്ക് വിലയേക്കാൾ സൗദി എണ്ണയ്ക്ക് 2 ഡോളർ കുറവായിരിക്കും ലഭിക്കുക.
കഴിഞ്ഞ മാസങ്ങളിലും ഏഷ്യയിലേക്കുള്ള ക്രൂഡോയിൽ വില ബാരലിന് കുറയ്ക്കാൻ സൗദി സമാനമായ രീതിയിൽ തീരുമാനമെടുത്തിരുന്നു. ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം പൂർണ്ണമായും സാധാരണ നിലയിലെത്തിയാൽ മറ്റ് ഗൾഫ് രാജ്യങ്ങളും തങ്ങളുടെ കയറ്റുമതി കൂടുതൽ ശക്തമാക്കും.
ആഗോള വിപണിയിൽ ഡിമാൻഡ് കുറയുമെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് സൗദി ഈ നിർണ്ണായക തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. ഹോർമുസിലൂടെ നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാനായി ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ ആണ് സൗദി പ്രധാനമായും ഉപയോഗിക്കുന്നത്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ വഴിയാണ് എണ്ണ പടിഞ്ഞാറൻ തീരത്തെ യാമ്പു വഴി വിപണിയിലേക്ക് എത്തിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ഈ ബദൽ മാർഗത്തിലൂടെ 50 ലക്ഷം ബാരൽ വരെ കയറ്റുമതി ചെയ്യാൻ സാധിക്കും.
എങ്കിലും, ചെങ്കടലിലെ ഹൂതികളുടെ ആക്രമണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, ഈജിപ്തിലെ സുമേദ് പൈപ്പ് ലൈൻ വഴി മെഡിറ്ററേനിയൻ തീരത്തെ സിദി കെരിർ തുറമുഖത്തിലെത്തിച്ച് സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാനും സൗദി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

