കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിക്കായി ഭൂമി ഏറ്റെടുക്കുമെന്ന വിജ്ഞാപനം പുറത്തിറങ്ങി നാല് വർഷം പിന്നിട്ടിട്ടും തുടർനടടപികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. പദ്ധതിക്കായി എല്ലാ പ്രാഥമിക നടപടികളും പൂർത്തിയാക്കിയിട്ടും ഭൂമി ഔദ്യോഗികമായി ഏറ്റെടുക്കുകയോ അർഹമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യാത്തതിൽ കഞ്ചിക്കോട് വലിയേരിക്കു സമീപത്തെ ഭൂവുടമകളിലാണ് കടുത്ത അമർഷമുള്ളത്.
പുതുശ്ശേരി വെസ്റ്റ് വില്ലേജ് ബ്ലോക്ക് നമ്പർ 30 പരിധിയിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. നീണ്ടകാലമായി വിജ്ഞാപനത്തിന്റെ പരിധിയിൽ നിൽക്കുന്നതിനാൽ ഈ പ്രദേശത്ത് കൃഷിയിറക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
ഇതുമൂലം പരമ്പരാഗതമായി കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒട്ടനവധി കർഷകരുടെ ഉപജീവനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും ജനപ്രതിനിധികൾക്കും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഭൂവുടമകളുടെ കൂട്ടായ്മ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ചേർന്ന വലിയേരി പാടശേഖരസമിതി യോഗത്തിൽ ഔദ്യോഗിക സമരപ്രഖ്യാപനം നടത്തി.
പാടശേഖരസമിതി സെക്രട്ടറി ചക്രപാണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭൂവുടമകളായ പി.രാജശേഖരൻ, പി.ബാലകൃഷ്ണൻ, എസ്.ഗോപാലകൃഷ്ണൻ, എം.വേണുഗോപാൽ, പി.മോഹനൻ, എം.ശരത്, വി.സന്തോഷ്, എം.ദേവൻ, ആർ.രാജേഷ്, പി.ശിവകുമാർ, എസ്.മനോജ്, എം.സ്വാമിനാഥൻ, പി.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

