കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായുള്ള തെരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കും. ഇതിനായി ഒരു വിദഗ്ധ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
യുവാവിനെ കാണാതായ സംഭവത്തിൽ ഇദ്ദേഹത്തെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നത്തോടെ എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. യുവാവിന്റെ മാതാവ് രേഷ്മ നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് അധികൃതർ തെരച്ചിൽ നടപടികൾ സജീവമാക്കിയത്.
ഈ വിഷയത്തിൽ സംസ്ഥാനത്തെ വിവിധ മന്ത്രിമാരും നേരിട്ട് ഇടപെട്ടിരുന്നു. ഗൗതം കൃഷ്ണന് വേണ്ടിയുള്ള മുൻ തെരച്ചിലുകൾ ഫലം കാണാത്തതിൽ മനംനൊന്ത് ഇന്നലെ മാതാവ് രേഷ്മ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
തുടർന്ന് നീണ്ടകരയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണുണ്ടായത്. പൊലീസും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രേഷ്മയുമായി നടത്തിയ പ്രാഥമിക ചർച്ച പരാജയപ്പെടുകയായിരുന്നു.
തെരച്ചിൽ നടത്തുന്നതിൽ കുടുംബം ആവശ്യപ്പെടാൻ വൈകിയെന്ന തരത്തിൽ ഒരു ഉദ്യോഗസ്ഥ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രേഷ്മ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് വിദഗ്ധ സംഘത്തെ ഉൾപ്പെടുത്തി ഉടൻ തന്നെ തെരച്ചിൽ ശക്തമാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് അവർ പ്രതിഷേധം അവസാനിപ്പിച്ചത്.
26 കാരനായ ഗൗതം കൃഷ്ണയെ കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിവസമാണ് പിന്നിടുന്നത്. അതേസമയം, ഗൗതത്തിന്റെ അച്ഛനും മുത്തച്ഛനും മുൻപ് സമാനമായ രീതിയിൽ കടലിലെ അപകടങ്ങളിൽ മരണപ്പെട്ടിരുന്നുവെന്നത് ഈ കുടുംബത്തിന്റെ ദുരന്തം ഇരട്ടയാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

