ശബരിമല മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം (SIT) എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിക്കുന്നത്. പി.എസ്.
പ്രശാന്ത്, അജികുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. മിൽമയുമായി കരാറിൽ ഏർപ്പെടുന്നതിന് പിന്നിൽ പ്രശാന്തിന്റെയും മുരാരി ബാബുവിന്റെയും ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഈ ഇടപാടിലൂടെ ബോർഡിന് 2.27 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. എറണാകുളം സ്പെഷ്യൽ സെൽ എസ്പി എം.ജെ.
സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തമിഴ്നാട്ടിലെ ഒരു സ്ഥാപനം കുറഞ്ഞ വിലയ്ക്ക് നെയ്യ് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് തള്ളി മിൽമയിൽ നിന്ന് ഉയർന്ന നിരക്കിൽ നെയ്യ് വാങ്ങാൻ തീരുമാനിച്ചതിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.
മിൽമയുമായി കരാറുണ്ടാക്കുന്നതിൽ നിർണായകമായത് മുരാരി ബാബു സമർപ്പിച്ച വ്യാജ റിപ്പോർട്ട് ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി. അരവണ നിർമ്മാണത്തിന് ഒരു കൂട്ടലിന് സാധാരണയായി പത്ത് ലിറ്റർ നെയ്യ് ആവശ്യമായി വരുമ്പോൾ, മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ ഏഴ് ലിറ്റർ മതിയെന്നായിരുന്നു മുരാരി ബാബുവിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
ഈ നിർദ്ദേശം പി.എസ്. പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ബോർഡ് 2025 ജൂലൈ ഏഴിന് അംഗീകരിക്കുകയായിരുന്നു.
മിൽമ മാനേജിങ് ഡയറക്ടറുടെ അറിവില്ലാതെ പ്രശാന്ത് നൽകിയ ഔദ്യോഗിക കത്തുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കരാർ ഉറപ്പിക്കുന്നതിന് പ്രശാന്തും മുരാരി ബാബുവും ചേർന്ന് ബോർഡിൽ ബോധപൂർവ്വമായ ഇടപെടലുകൾ നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

