വ്യാപാര പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരശേഷി ഉയർത്തുന്നതിനും പുതിയ തീരുമാനവുമായി ദുബായ് കസ്റ്റംസ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇ-കൊമേഴ്സ് മേഖലയിലെ ചെലവുകൾ ഗണ്യമായി കുറയ്ക്കുന്നതിനുമാണ് ക്രോസ്-ബോര്‍ഡര്‍ ഇ-കൊമേഴ്സിനായുള്ള കസ്റ്റംസ് നടപടിക്രമങ്ങളിൽ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 1,000 ദിര്‍ഹത്തില്‍ കൂടാത്ത വിലയുള്ള സാധനങ്ങളെയും ഉല്‍പ്പന്നങ്ങളെയും കസ്റ്റംസ് തീരുവയില്‍ പൂര്‍ണ്ണമായും ഒഴിവാക്കി. എങ്കിലും, ഈ ഇളവുകൾ എല്ലാ ഉൽപ്പന്നങ്ങൾക്കും ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുകയിലയും അതിന്റെ ഉല്‍പ്പന്നങ്ങളും, ഇലക്ട്രോണിക് പുകവലി ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും, നിക്കോട്ടിന് ദ്രാവകങ്ങള്‍, ലഹരിപാനീയങ്ങള്‍, മദ്യം അടങ്ങിയ ഭക്ഷണവസ്തുക്കള്‍ എന്നിവയ്ക്ക് കസ്റ്റംസ് ഈ ഇളവ് ലഭിക്കുന്നതല്ലെന്ന് ഉത്തരവിലുണ്ട്. ആഗോളതലത്തിൽ വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണ് ഈ പുതിയ പരിഷ്കാരങ്ങൾ.
ഇതോടൊപ്പം കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയ റിട്ടേണുകൾക്കുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത ഇ-കൊമേഴ്സ് കമ്പനികൾ വഴി വ്യക്തിഗത ആവശ്യങ്ങൾക്കായി തിരികെ നൽകുന്ന സാധനങ്ങൾക്ക് ഇതിനുമുമ്പ് കസ്റ്റംസ് തീരുവ അടച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്.
അങ്ങനെയുള്ള പക്ഷം, അവ യാത്ര തിരിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളില്‍ തിരികെ നൽകുകയാണെങ്കിൽ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കപ്പെടും. വ്യാപാര സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും വഴക്കമുള്ളതും കാര്യക്ഷമവുമായ ഒരു കസ്റ്റംസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനമെന്ന് ദുബായ് കസ്റ്റംസ് സ്ഥിരീകരിച്ചു.
പുതിയ നിയമങ്ങൾ ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

