തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും കാണിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. തെലങ്കാനയിലെ മഹബൂബാബാദ് സ്വദേശിയായ ഗഡ്ഡേ രാജേശ്വർ റാവുവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ഖമ്മത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് പരാതിക്കാരനായ രാജേശ്വർ റാവു. ഭാര്യ ഭവാനി, ഭാര്യയുടെ കാമുകനായ സൈദുലു എന്നിവർക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്.
2016-ലാണ് രാജേശ്വർ റാവുവും ഭവാനിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഈ ദമ്പതിമാർക്ക് രണ്ട് മക്കളുമുണ്ട്.
പ്രദേശത്ത് ഡെലിവറി എക്സിക്യൂട്ടിവായി ജോലിചെയ്യുന്ന സൈദുലുവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് രാജേശ്വർ റാവുവിന്റെ പ്രധാന ആരോപണം. തങ്ങളെ അപായപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടതായും, ഈ കൊലപാതകം ഒരു അപകടമരണമാക്കി ചിത്രീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഭാര്യയുടെ ഫോണിൽനിന്ന് കണ്ടെടുത്തതാണെന്ന് അവകാശപ്പെടുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഇയാൾ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ജൂലായ് 27-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ സമയത്ത് ഭാര്യയ്ക്കൊപ്പം കാമുകനെയും കണ്ടതായി യുവാവ് പറയുന്നു.
സംശയകരമായ സാഹചര്യത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് ഈ വിഷയം നാട്ടുപഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെ, പിറ്റേദിവസം താൻ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുടെ കാമുകൻ തന്നെ പിന്തുടർന്നിരുന്നു. അവിടെനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് തിരികെ വീട്ടിലെത്തിയ ശേഷമാണ് ഭാര്യയുടെ മൊബൈൽഫോൺ പരിശോധിച്ചത്.
ഇതോടെയാണ് തങ്ങളെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ചുള്ള ചാറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. “എന്റെ ഭർത്താവിനെ കൊല്ലണം, അല്ലെങ്കിൽ ഞാൻ മരിക്കും” എന്നാണ് ഭാര്യ കാമുകന് അയച്ച സന്ദേശമെന്നും പരാതിയിൽ പറയുന്നു.
വീടിന് പുറത്തുവെച്ച് തന്നെ ഇല്ലായ്മ ചെയ്യാനും തുടർന്ന് ഈ സംഭവം ഒരു അപകടമരണമായി വരുത്തി തീർക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ സ്വന്തം ജീവന് അപകടത്തിലാണെന്നും ആവശ്യമായ സുരക്ഷ വേണമെന്നും കാണിച്ച് രാജേശ്വർ റാവു ദോർണക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സീറോ എഫ്ഐആർ രജിസ്റ്റർചെയ്ത ദോർണക്കൽ പൊലീസ് കേസ് പിന്നീട് ഖമ്മം റൂറൽ പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപത്തെ തുടർന്ന് പരാതിക്കാരൻ ഖമ്മം പൊലീസിൽ നേരിട്ടെത്തി വീണ്ടും പരാതി നൽകി.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഗൗരവകരമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

