സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്.
കൂടാതെ, നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട
‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ഇന്നും നാളെയുമായി മധ്യ, വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. ഈ ചുഴലിക്കാറ്റ് നേരിട്ട് ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ലെങ്കിലും, പടിഞ്ഞാറു ഭാഗത്തായി ഇന്ത്യൻ തീരത്തോട് കൂടുതൽ അടുക്കുന്നതിനാൽ അന്തരീക്ഷത്തിൽ പ്രകടമാകുന്ന വ്യതിയാനങ്ങൾ കേരളത്തിലെ കാലവർഷക്കാറ്റിന്റെ ഗതിയെ കാര്യമായി സ്വാധീനിക്കും.
ഡോൾഫിൻ സൃഷ്ടിക്കുന്ന ന്യൂനമർദം സംസ്ഥാനത്ത് കാറ്റിന്റെ വേഗത വർദ്ധിപ്പിക്കാനും ഇടയാക്കിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ അതിതീവ്രമായ മഴയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കണ്ണൂർ, വയനാട് ജില്ലകളിൽ 30 സെന്റിമീറ്ററിലധികം മഴ ലഭിച്ചതായി മന്ത്രി എ.പി.അനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മേഘവിസ്ഫോടനത്തിന് തുല്യമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ മാത്രം 43.9 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇന്നും നാളെയുമായി വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതിനുപുറമെ, ഇന്ന് മധ്യ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

