കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു ഈ അപകടമുണ്ടായത്.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന് സമീപമുള്ള സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്നാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ല എന്നത് ആശ്വാസകരമായി.
പന്തീരാങ്കാവ് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കാറിന്റെ മുൻഭാഗത്തു നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ഡ്രൈവർ ഷറഫുദ്ദീൻ ശ്രദ്ധിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം ജാഗ്രത കാണിച്ച് വാഹനം റോഡിന്റെ അരികിലേക്ക് മാറ്റി നിർത്തി പുറത്തിറങ്ങുകയായിരുന്നു.
നിമിഷനേരംകൊണ്ട് കാറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് തീ അണയ്ക്കാൻ പ്രാഥമിക ശ്രമങ്ങൾ നടത്തിയെങ്കിലും അത് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.
തുടർന്ന് വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളും പന്തീരാങ്കാവ് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഏറെ നേരത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്.
ഈ തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഈ ഭാഗത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
എന്നാൽ, വാഹനം കത്താൻ ഉണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

