കൊരട്ടി ദേശീയപാതയിൽ കരാർ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും ഗുരുതര വീഴ്ചയെത്തുടർന്ന് ഡ്രെയ്നേജിന് മുകളിലെ സ്ലാബ് തകർന്നു. ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന പാതയിൽ സ്ലാബുകൾ തകർന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പല ഭാഗങ്ങളിലും ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിൽ സ്ലാബുകൾ വിണ്ടുകീറിയ നിലയിലാണുള്ളത്. കഴിഞ്ഞ ദിവസം ജംക്ഷനിൽ തന്നെയാണ് സ്ലാബ് തകർന്നുവീണത്.
അപകടത്തിന് പിന്നാലെ കരാർ കമ്പനിയുടെ തൊഴിലാളികൾ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർന്ന സ്ലാബ് മാറ്റിസ്ഥാപിക്കുകയായിരുന്നു. വൻ ദുരന്തങ്ങൾ ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ജംക്ഷനിൽ മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയുടെ പ്രധാന ഭാഗം പൂർണ്ണമായും അടച്ചു കെട്ടിയാണ് നിർമാണം നടക്കുന്നത് എന്നതിനാൽ നിലവിൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ഇടുങ്ങിയ സർവീസ് റോഡായതിനാൽ പല വാഹനങ്ങളും ഡ്രെയ്നേജിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾക്ക് മുകളിലൂടെ കയറിയാണ് പോകുന്നത്. എന്നാൽ സർവീസ് റോഡ് പൂർണ്ണമായും കുഴികൾ നിറഞ്ഞ തകർന്ന അവസ്ഥയിലാണുള്ളത്.
ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

