കോഴിക്കോട്: അതിതീവ്ര മഴയെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി സലീം രംഗത്ത്. പൂനൂർപുഴയുടെ കരയിലുള്ള കാരന്തൂർ കരെതൊടികയിൽ സലീമിന്റെ മാതൃകാപരമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയാകുന്നത്.
ഗ്രാമം വെള്ളത്തിനടിയിലായതോടെ സ്വന്തം തോണിയുമായി രംഗത്തിറങ്ങി കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി കരയിലെത്തിക്കുകയാണ് ഇദ്ദേഹം. ‘2018ലെ വെള്ളപ്പൊക്കത്തിനു ശേഷമാണു ഞാൻ തോണി വാങ്ങിയത്.
ഞങ്ങൾക്കു മാത്രമല്ലല്ലോ, എല്ലാവർക്കും സഹായമാവുമല്ലോ എന്നു കരുതി’ – കാരന്തൂർ കരെതൊടികയിൽ സലീം പറഞ്ഞു. കാരന്തൂർ പുഴയുടെ മറുകര പ്രദേശങ്ങളായ ഏട്ടക്കുണ്ട്, പാറക്കടവ്, തൈക്കണ്ടി കടവ്, ഇടക്കുനി താഴം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെയാണ് സലീം പുറത്തെത്തിച്ചത്.
റോഡുകൾ വെള്ളത്തിനടിയിലായതോടെ വിവിധ ആവശ്യങ്ങൾക്കായി കാരന്തൂർ അങ്ങാടിയുമായി ബന്ധപ്പെടുന്നതിനുള്ള ഏക ആശ്രയമായി ഇദ്ദേഹത്തിന്റെ തോണി മാറി. കാരന്തൂരിലെ മുൻകാല വോളിബോൾ താരവും കരാട്ടെക്കാരനുമായിരുന്നു സലീം.
ഇദ്ദേഹം ഉൾപ്പെട്ട ഡോൾഫിൻ ക്ലബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കളും വിവിധ സന്നദ്ധ സംഘടനകളും സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.
കമുകിൻതോട്ടം ലേലത്തിൽ പിടിച്ച് അടയ്ക്ക കച്ചവടം നടത്തുന്നതാണ് സലീമിന്റെ ഉപജീവനമാർഗ്ഗം. 2018ലെ പ്രളയകാലത്ത് സലീമിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക മുഴുവൻ വെള്ളത്തിൽ ഒഴുകിപ്പോയിരുന്നു.
അന്ന് കുടുംബാംഗങ്ങളെ സുരക്ഷിതമായി അക്കരെ എത്തിക്കാൻ തോണി തേടേണ്ടി വന്ന ദുരിത സാഹചര്യമാണ് സ്വന്തമായി ഒരു തോണി വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ന് കാരന്തൂരിലെ നൂറുകണക്കിന് ആളുകളുടെ വാട്സാപ് സ്റ്റേറ്റസുകളിൽ നിറഞ്ഞുനിൽക്കുകയാണ് ഈ രക്ഷകന്റെ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

