തന്റെ ജീവൻ പോലും പണയംവെച്ച് മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ രാജേഷ് ഇനി ഓർമ്മകളിൽ മാത്രം. ചെറുപുഴ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ രാജേഷിന്റെ മൃതദേഹം ഒടുവിൽ കണ്ടെത്തുകയായിരുന്നു.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ് ഒന്നിനു രാവിലെ 11.30ന് ആണു ബെന്നി പറമ്പിലെത്തിയത്. കാൽപാദം മൂടിയുള്ള വെള്ളത്തിൽനിന്ന് കാപ്പിത്തൈകളിൽ അടിഞ്ഞ ചപ്പുചവറുകൾ നീക്കി.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജലനിരപ്പ് വീണ്ടും ഉയരാൻതുടങ്ങി. മോട്ടറും യന്ത്രസാമഗ്രികളും പണിയായുധങ്ങളുമെടുത്ത് വേഗം മടങ്ങാൻ തീരുമാനിച്ചു.
ഇതിനിടെ വെള്ളം അരയ്ക്കൊപ്പമെത്തി. പുഴയുടെ സ്വഭാവം നന്നായറിയുന്ന ബെന്നി ഭാര്യ ആൻസിയെയും പഞ്ചായത്ത് അംഗത്തെയും മൊബൈലിൽ വിളിച്ചു.
അഗ്നിരക്ഷാസേനയെ അയയ്ക്കാമെന്നു പഞ്ചായത്തംഗം ഉറപ്പുനൽകി. ഇതിനിടെ വെള്ളം കുത്തിയൊഴുകാൻ തുടങ്ങി.
ഒഴുക്കിൽ കാലിടറിയതോടെ ഫോൺ തെറിച്ചുപോയി. പണിയായുധങ്ങൾ സൂക്ഷിച്ച ഷെഡ് ഒഴുകിപ്പോയി.
വെള്ളം കഴുത്തൊപ്പമായപ്പോൾ തെങ്ങിൽ വട്ടം പിടിച്ചു നിന്നു. ഈ സമയം ദൂരെ നിന്നു രാജേഷും സുഹൃത്തുക്കളും വരുന്നത് കണ്ടു.
എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തി സമീപത്തെത്തി.
താൻ ധരിച്ച ജാക്കറ്റ് ഊരി രാജേഷ് ബെന്നിയെ ധരിപ്പിച്ചു. പിന്നെ ബെന്നി മുന്നിലും ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും കയറിൽ തൂങ്ങി ഇക്കരയ്ക്ക് തിരിച്ചു.
ശക്തമായ ഒഴുക്കും പാറക്കെട്ടുമായിരുന്നു പുഴയിൽ. കരയിലെത്തി തിരിഞ്ഞു നോക്കുമ്പോഴാണു രാജേഷ് ഒഴുക്കിൽപെട്ടത് അറിയുന്നത്.
അതോടെ സങ്കടപ്പുഴയിലായി ബെന്നിയുടെ കുടുംബം. പെരിങ്ങോം, പയ്യന്നൂർ, ചീമേനി, നീലേശ്വരം യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, കർണാടക വനം ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ കഴിഞ്ഞദിവസങ്ങളിൽ രാജേഷിനായുള്ള തിരച്ചിലിലായിരുന്നു.
ശക്തമായ ഒഴുക്ക് തിരച്ചിലിനു തടസ്സമായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ, അപകടത്തിൽപെട്ടിടത്തുനിന്ന് രണ്ടര കിലോമീറ്ററോളം മാറി തേജസ്വിനിപ്പുഴയുടെ ഇടവരമ്പ് ഭാഗത്തെ ഓടക്കാട്ടിൽ തങ്ങിയ നിലയിലാണ് രാജേഷിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
അഡ്വഞ്ചർ ടൂറിസം രംഗത്ത് ഒട്ടേറെപ്പേർക്ക് സുരക്ഷയുടെ പാഠങ്ങൾ പഠിപ്പിച്ച രാജേഷ് ഏതെങ്കിലും കരയിൽ നീന്തിക്കയറിയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെവരെ നാട്ടുകാരും വീട്ടുകാരും. സ്വന്തം ലൈഫ് ജാക്കറ്റ് ഊരി മറ്റൊരാളെ ധരിപ്പിച്ച രാജേഷ് മരണമുഖത്തുപോലും ചിന്തിച്ചത് സ്വന്തം ജീവനെക്കുറിച്ചല്ല.
തിങ്കളാഴ്ച കർണാടക രക്ഷാസേനയും അന്വേഷണം ആരംഭിച്ചത് കുടുംബത്തിന് പ്രതീക്ഷ നൽകിയിരുന്നു. കാണാതായ വിവരമറിഞ്ഞ് അച്ഛൻ രാജശേഖരനും വാർഡ് അംഗം എ.മഹേഷും ബന്ധുക്കളും ചെറുപുഴയിലേക്കു പോയി.
അച്ഛൻ രാജശേഖരനും അമ്മ ഗീതയും ഭാര്യയും വിദ്യാർഥികളായ 2 മക്കളും അടങ്ങിയതാണ് രാജേഷിന്റെ കുടുംബം. വീടിന് തൊട്ടടുത്ത് ചെറിയൊരു കട
നടത്തുകയാണ് രാജശേഖരൻ. സ്കൂൾ യൂണിഫോം നെയ്യുന്നതിന് അമ്മ ഗീത വീട്ടുമുറ്റത്ത് തറി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശ്വാസംമുട്ടൽ കാരണം ജോലിചെയ്യാൻ കഴിയുന്നില്ല.
ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബവീട്ടിലാണ് ഇവരുടെ താമസം. കല്ലിയൂർ പഞ്ചായത്തിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ 3 സെന്റിൽ നിർമാണം ആരംഭിച്ച വീടിന്റെ പണി എങ്ങുമെത്തിയിട്ടില്ല.
ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീടിനു സമീപം തെറ്റിവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്കാരം വീട്ടുവളപ്പിൽ.
സംഭവമറിഞ്ഞ് കുഴഞ്ഞവീണ അമ്മ ഗീതയ്ക്ക് തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

