നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ കർശന പരിശോധനയിൽ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ മായംചേർത്ത 25,000 കിലോഗ്രാമിലധികം സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൽട്ടറേഷൻ സർവൈലൻസ് ടീം (HFAST) ആണ് നഗരത്തിൽ വ്യാപക റെയ്ഡ് സംഘടിപ്പിച്ചത്.
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ സുഗന്ധവ്യഞ്ജന മൊത്തവ്യാപാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 13-ഓളം സ്ഥാപനങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരകമായ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ടാൽക്കം പൗഡറും സുഗന്ധവ്യഞ്ജനങ്ങളിൽ ചേർക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
ഗുണനിലവാരം കുറഞ്ഞ കടുകിൽ തുണികളിൽ ഉപയോഗിക്കുന്ന ചായങ്ങളും ടാൽക്കം പൗഡറും പ്രത്യേക തരം എണ്ണയും ചേർത്ത് കൃത്രിമ തിളക്കവും തൂക്കവും വർധിപ്പിക്കുകയായിരുന്നു. ഗ്രാമ്പൂ, ജീരകം തുടങ്ങിയവയുടെ ഉപരിതലത്തിൽ തിളക്കം കൂട്ടുന്നതിനായി സിന്തറ്റിക് നിറങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഭക്ഷണ സാധനങ്ങളിലെ മായം കണ്ടെത്തുക ലക്ഷ്യമിട്ട് കഴിഞ്ഞ മാർച്ചിലാണ് പൊലീസും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ഈ സംഘം ഇതുവരെ നഗരത്തിലാകെ 659 പരിശോധനകളാണ് പൂർത്തിയാക്കിയത്.
ഇതിന്റെ ഭാഗമായി 202 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 246 ടൺ മായംകലർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന മാഫിയാ ശൃംഖലയെ പൂർണ്ണമായി തകർക്കുന്നത് വരെ പരിശോധനകൾ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

