മാധ്യമപ്രവർത്തകൻ വാഹനം ഇടിച്ചുകേറി കൊല്ലപ്പെട്ട സംഭവത്തിലെ വിചാരണയ്ക്കിടെ നിർണായകമായ ദൃക്സാക്ഷി കോടതിയിൽ മൊഴി മാറ്റി.
കേസിൽ രഹസ്യമൊഴി നൽകിയിരുന്ന മൂന്നാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ ഷെഫീഖ് ആണ് പ്രോസിക്യൂഷന് തിരിച്ചടിയായി പ്രതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത്. തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്.
കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ആണ് ഈ കേസിലെ ഏക പ്രതി. സംഭവദിവസം രാത്രി വെള്ളയമ്പലത്തുനിന്ന് ഓട്ടോയിൽ സഞ്ചരിക്കവെ നീല നിറത്തിലുള്ള ഒരു കാർ തങ്ങളെ ഓവർടേക്ക് ചെയ്ത് പോയി ബൈക്കിലിടിക്കുന്നത് കണ്ടിരുന്നു എന്നായിരുന്നു ഷെഫീഖ് ഇതിനുമുമ്പ് പൊലീസിനും മജിസ്ട്രേറ്റിനും നൽകിയിരുന്ന മൊഴി.
ബൈക്ക് നിരക്കിക്കൊണ്ടുപോയി ഭിത്തിയിൽ ഇടിച്ചുനിർത്തുകയായിരുന്നെന്നും, ഡ്രൈവിങ് സീറ്റിൽനിന്ന് താടി വെച്ച പുരുഷനും ഇടതുവശത്തെ സീറ്റിൽനിന്ന് ഒരു സ്ത്രീയും പുറത്തിറങ്ങുന്നത് കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്രമല്ല, സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് വാഹനം ഓടിച്ചിരുന്ന ആൾ മദ്യപിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടതായും ഷെഫീഖ് മൊഴി നൽകിയിരുന്നു.
എന്നാൽ ഇന്നലെ കോടതിയിൽ എത്തിയപ്പോൾ ഈ കാര്യങ്ങളെല്ലാം സാക്ഷി തിരുത്തിപ്പറയുകയായിരുന്നു. താൻ അവിടെ എത്തുമ്പോഴേക്കും അപകടം നടന്നു കഴിഞ്ഞിരുന്നുവെന്നും, വാഹനം ഇടിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും കാറിൽനിന്ന് പുറത്തിറങ്ങിയത് ആരെന്ന് വ്യക്തമല്ലെന്നുമാണ് ഷെഫീഖ് ഇപ്പോൾ കോടതിയിൽ പറഞ്ഞത്.
എങ്കിലും, അപകടസ്ഥലത്ത് കാറിന് പുറത്തുനിന്നിരുന്ന വ്യക്തി വിചാരണക്കോടതിയിലുള്ള ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് സാക്ഷി സമ്മതിച്ചിട്ടുണ്ട്. ഇതിനിടയിൽ, കേസിൽ നാലാം സാക്ഷിയായ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ വാച്ച്മാൻ അനിൽ കുമാർ പ്രോസിക്യൂഷന് പൂർണ്ണമായും അനുകൂലമായ മൊഴിയാണ് നൽകിയത്.
അപകടസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ വാഹനം ഇടിച്ചുകിടക്കുന്നത് കണ്ടുവെന്നും, നാട്ടുകാരും പൊലീസും ചേർന്ന് വാഹനം ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് പറയുന്നത് കേട്ടിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം ഇതുവരെ നാല് സാക്ഷികളാണ് വിസ്താരത്തിനായി ഹാജരായത്.
അതിൽ ഏറ്റവും നിർണായകമായ ഒരു ദൃക്സാക്ഷിയാണ് ഇപ്പോൾ കൂറുമാറിയിരിക്കുന്നത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരണമടഞ്ഞത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

