റാപ്പിഡോ റൈഡ് പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ യാത്രക്കാരന് ഡ്രൈവറുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് ലഭിച്ചു. സാധാരണയായി ലഭിക്കാറുള്ള ഫീഡ്ബാക്കോ റേറ്റിംഗോ നൽകണമെന്ന അപേക്ഷയായിരുന്നില്ല മെസ്സേജിലുണ്ടായിരുന്നത്.
പകരം, തനിക്കൊരു ജോലി നേടിത്തരുമോ എന്നായിരുന്നു ഡ്രൈവർ മെസ്സേജിൽ ചോദിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ യുവാവായിരുന്നു റാപ്പിഡോ ഡ്രൈവർ.
യാത്രക്കാരൻ ഈ മെസ്സേജിന്റെ സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയായിരുന്നു. “ഹലോ, ഗുഡ് മോർണിംഗ് സർ.
2024 ഏപ്രിൽ മാസത്തിലാണ് ഞാൻ ബി.ടെക് പൂർത്തിയാക്കിയത്. നിലവിൽ ജോലിക്കായി ശ്രമിക്കുകയാണ്, ഒരു ഫ്രഷറാണ്.
താങ്കളുടെ ശ്രദ്ധയിൽ എന്തെങ്കിലും ഒഴിവുകളുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കാമോ സർ?” എന്നായിരുന്നു യാത്രക്കാരന് വാട്ട്സാപ്പിൽ വന്ന മെസ്സേജ്. രാജ്യത്തെ തൊഴിലില്ലായ്മയും തൊഴിൽ വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് പലരും ഈ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.
യുവാവിന്റെ ശ്രമത്തെ പ്രശംസിച്ചും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ യാത്രക്കാരുടെ വാട്ട്സാപ്പ് നമ്പറെടുത്ത് അതിലേക്ക് മെസ്സേജ് അയക്കുന്നത് സ്വകാര്യതയുടെ പരിധി ലംഘിക്കുന്ന കാര്യമല്ലേ? അത് പ്രൊഫഷണൽ അല്ലല്ലോ എന്നും ഒരു വിഭാഗം കമന്റ് നൽകിയിരിക്കുന്നു.
“ഈ കഠിനാധ്വാനത്തെയും ശ്രമത്തെയും ഞാൻ അഭിനന്ദിക്കുന്നു” എന്നായിരുന്നു ഒരാളുടെ കമന്റ്. “കഴിയുമെങ്കിൽ ഇയാൾക്ക് ഏതെങ്കിലും കമ്പനിയിലേക്ക് ഒരു റഫറൻസ് നൽകി സഹായിക്കൂ” എന്ന് മറ്റൊരാൾ അഭ്യർത്ഥിച്ചു.
“അയാളുടെ സാഹചര്യം മനസ്സിലാക്കൂ, ജോലി കണ്ടെത്താനുള്ള കടുത്ത ആഗ്രഹം കൊണ്ടാണ് അയാൾ ഇങ്ങനെ ചെയ്തത്” എന്നും കമന്റുകൾ വന്നു. “യാത്രക്കാരൻ ഒരു പുരുഷനായതുകൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ലായിരിക്കാം.
എന്നാൽ, ഇത്തരത്തിൽ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ശരിയല്ല. ഇതൊരു സ്ത്രീക്കാണ് വന്നതെങ്കിൽ കാര്യം മറ്റൊന്നാകുമായിരുന്നു” എന്നായിരുന്നു മറ്റ് ചില കമന്റുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

