അമേരിക്കയുടെയും ഡൊണാൾഡ് ട്രംപിന്റെയും താരിഫ് ഭീഷണികളെ വകവെയ്ക്കാതെ, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കഴിഞ്ഞ ജൂലൈ മാസം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യയിൽ നിന്നാണെന്നതാണ് ഈ കാലയളവിലെ പ്രധാന പ്രത്യേകത.
യുക്രെയ്ൻ-റഷ്യ സംഘർഷത്തിന് മുൻപ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു റഷ്യയുടെ പങ്ക്. എന്നാൽ യുദ്ധാനന്തരം റഷ്യ നൽകിയ വൻ ഇളവുകൾ മുതലെടുത്ത ഇന്ത്യ, ഇറക്കുമതിയുടെ വിഹിതം 30 മുതൽ 40 ശതമാനം വരെയായി ഉയർത്തിയിരുന്നു.
തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25% പിഴച്ചുങ്കം ഉൾപ്പെടെ ആകെ 50% തീരുവ ഇന്ത്യയ്ക്കുമേൽ ചുമത്താൻ യുഎസ് തയ്യാറായിരുന്നെങ്കിലും ഇറക്കുമതി പൂർണ്ണമായി നിർത്താൻ രാജ്യം തയ്യാറായില്ല. നിലവിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും സജീവമാക്കിയത്.
കഴിഞ്ഞമാസം പ്രതിദിനം 28 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും മാത്രം സ്വീകരിച്ചത്. ആകെ ഇറക്കുമതിയായ 50 ലക്ഷം ബാരൽ പ്രതിദിന എണ്ണയുടെ ഏകദേശം 55.5 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
ജൂൺ മാസത്തിൽ ഇത് പ്രതിദിനം 27 ലക്ഷം ബാരൽ ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് രാജ്യതാൽപ്പര്യവും വിലക്കുറവും മുൻനിർത്തിയാണെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.
അമേരിക്കയും യൂറോപ്പും ഇപ്പോഴും റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്നിരിക്കെ ഇന്ത്യയ്ക്കുമേൽ മാത്രം സമ്മർദ്ദം ചെലുത്തുന്നത് ഇരട്ടത്താപ്പാണെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ജൂലൈ മാസത്തിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി പ്രതിദിനം 42 ലക്ഷം ബാരലായി ഉയർന്നു. ഇറാഖിൽ നിന്നും കുവൈത്തിൽ നിന്നും ഉള്ള എണ്ണ ഇറക്കുമതിയും കഴിഞ്ഞ മാസങ്ങളിൽ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

