കാലവർഷം കനക്കുന്നതോടെ അടച്ചുറപ്പില്ലാത്ത വീട്ടിനുള്ളിൽ വെള്ളം കയറി ജീവിതം ദുസ്സഹമാകുകയാണ് പാലക്കാട് കോട്ടായി കോട്ടചന്ത മുണ്ടിയംകാവ് സ്വദേശിനിയായ കുമാരിക്കും കുടുംബത്തിനും. ഓരോ മഴക്കാലത്തും വീട്ടിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ, മുറികളിൽ ചെങ്കല്ലുകളും കല്ലുകളും നിരത്തിവെച്ചാണ് ഇവർ നടന്നുനീങ്ങുന്നത്.
താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീടിന്റെ പിൻവശത്തെ പറമ്പിൽ മഴവെള്ളം കെട്ടിക്കിടന്ന് ഉറവയെടുത്ത് മുറികളിലേക്ക് ഒഴുകിയെത്തുകയാണ്. ചോർന്നൊലിക്കുന്ന ഓടിട്ട
വീടിന്റെ ഭിത്തികളും ഉത്തരങ്ങളും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിൽ തണുത്തുവിറച്ച്, തറയിലെ വെള്ളം കോരിക്കളഞ്ഞ ശേഷമാണ് കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന ഈ കുടുംബത്തിന് കിടക്കാൻ പോലും സാധിക്കുന്നത്.
കർഷകത്തൊഴിലാളിയായ കുമാരി, മരുമകൾ അഞ്ജു, പേരക്കുട്ടികളായ അനുരുദ്ധ്, അഗ്രിദ് എന്നിവരടങ്ങുന്ന നാലംഗ കുടുംബമാണ് ഈ ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കുമാരിയുടെ ഭർത്താവ് കരുണാകരൻ 25 വർഷം മുൻപും, മകൻ ശ്രീനിവാസൻ 3 വർഷം മുൻപും അന്തരിച്ചു.
തുടർന്ന് കുടുംബത്തിന്റെ ഏക ആശ്രയം കുമാരിക്ക് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛമായ തുകയും അഞ്ജുവിന് സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനവുമാണ്. ദുരിതമഴയത്ത് കിടന്നുറങ്ങാൻ തലചായ്ക്കാൻ സുരക്ഷിതമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായഹസ്തവുമായി ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ നിർദ്ധന കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

