ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരുന്നതിനുള്ള സാധ്യതകൾ തേടി ടാറ്റാ ഗ്രൂപ്പ് മുന്നോട്ടുപോകണമെന്നും സീനിയർ ടീമിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് ജംഷെഡ്പൂർ എഫ്.സി താരങ്ങൾ രംഗത്ത്. ക്ലബ്ബിന്റെ അപ്രതീക്ഷിത തീരുമാനത്തിനെതിരെ ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാരാണ് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഐ.എസ്.എൽ സീസണിലെ പങ്കാളിത്ത ഫീസ് അടയ്ക്കാനുള്ള അവസാന സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ലീഗിൽ നിന്നും പിന്മാറുന്നതായും ഒന്നാം നിര ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായും ക്ലബ് വ്യക്തമാക്കിയത്. നിലവിൽ നടക്കുന്ന ഡ്യൂറൻഡ് കപ്പിന് ശേഷമായിരിക്കും സീനിയർ ടീമിന്റെ പ്രവർത്തനം നിർത്തലാക്കുക.
തീരുമാനം കേട്ടപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ ഇന്ത്യൻ താരം പ്രണോയ് ഹാൽഡർ പിടിഐയോട് പ്രതികരിച്ചു. “ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു തീരുമാനം പ്രതീക്ഷിച്ചതല്ല.
ദയവായി ഈ തീരുമാനം പുനഃപരിശോധിക്കണം. ഒരു വലിയ തലമുറയ്ക്കുള്ള വേദിയാണ് ഐ.എസ്.എൽ.
ടീം ലീഗിന്റെ ഭാഗമായി തുടരണം,” അദ്ദേഹം അഭ്യർത്ഥിച്ചു. 2021-22 സീസണിൽ ക്ലബ് ഐ.എസ്.എൽ ഷീൽഡ് നേടുമ്പോൾ താൻ ടീമിലുണ്ടായിരുന്നുവെന്നും നിഖിൽ ബർല, ആൽബിനോ ഗോമസ്, സനാൻ തുടങ്ങിയ യുവതാരങ്ങൾക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത് ജംഷെഡ്പൂർ എഫ്.സിയും ടാറ്റ ഫുട്ബോൾ അക്കാഡമിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഗോൾകീപ്പർ ആൽബിനോ ഗോമസും മാനേജ്മെന്റിനോട് വികാരപരമായാണ് കാര്യങ്ങൾ തുറന്നുപറഞ്ഞത്. “ഈ ക്ലബ് പൂട്ടുകയാണെന്ന വാർത്ത ദഹിക്കാൻ കഴിയുന്നില്ല.
ഇത് ഒന്നോ രണ്ടോ വർഷത്തെ മാത്രം കാര്യമല്ല, ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ്. കരിയറിലെ വലിയൊരു പരിക്കിൽ നിന്ന് തിരിച്ചുവരാൻ എന്നെ സഹായിച്ചതും ദേശീയ ടീം ജേഴ്സി അണിയാൻ അവസരമൊരുക്കിയതും ഈ ക്ലബ്ബാണ്,” ആൽബിനോ ഗോമസ് വ്യക്തമാക്കി.
ജംഷെഡ്പൂർ പ്രാദേശിക താരവും ടി.എഫ്.എയിലൂടെ വളർന്നുവന്ന മിഡ്ഫീൽഡറുമായ നിഖിൽ ബർലയും ടാറ്റ സ്റ്റീൽ മേധാവികൾ തീരുമാനം പുനഃപരിശോധിക്കണമെന്നും യുവതാരങ്ങളുടെ ഭാവി ഇരുളടയരുതെന്നും ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഉൾപ്പെടെയുള്ള പ്രമുഖരും ടാറ്റ ഗ്രൂപ്പ് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഐ.എസ്.എല്ലിൽ നിന്ന് പിന്മാറാനുള്ള ജംഷെഡ്പൂർ എഫ്.സിയുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു സുനിൽ ഛേത്രിയുടെ പ്രതികരണം. “ഇത്തരമൊരു ടീം പ്രവർത്തനം അവസാനിപ്പിക്കുന്നത് വലിയ ആഘാതമാണ്.
ജംഷെഡ്പൂർ ടീം മാനേജ്മെന്റ് തീരുമാനം പുനപരിശോധിക്കണം. ഇത് മോശം ബിസിനസ് തീരുമാനം ആയേക്കാമെങ്കിലും ഇന്ത്യൻ ഫുട്ബോളിന്റെ നിലനിൽപിന് ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

