അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാതയിൽ നിന്ന് തുറവൂർ ജംക്ഷനിലേക്ക് വാഹനങ്ങൾക്ക് ഇറങ്ങുന്നതിനായി കുത്തിയതോട്ട് നിർമിക്കുന്ന റാംപിന്റെ പണികൾ 90 ശതമാനത്തോളം പൂർത്തിയായി. കൊച്ചി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് തുറവൂരിൽ നേരിട്ട് പ്രവേശിക്കുന്നതിനായാണ് ഈ പുതിയ റാംപ് സജ്ജമാക്കുന്നത്.
നിലവിലുള്ള സംവിധാനമനുസരിച്ച് ഈ റാംപ് ഇല്ലെങ്കിൽ വാഹനങ്ങൾ അഞ്ച് കിലോമീറ്റർ മുന്നോട്ട് സഞ്ചരിച്ച് പത്മാക്ഷിക്കവലയിൽ എത്തി അവിടത്തെ അടിപ്പാത വഴി തിരികെ തുറവൂരിലേക്ക് എത്തേണ്ടി വരുമായിരുന്നു. യാത്രക്കാരുടെ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉയരപ്പാതയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനായി കുത്തിയതോടിൽ റാംപ് നിർമാണം പുരോഗമിക്കുന്നത്.
ഭാവിയിൽ മാക്കേക്കടവ് പാലത്തിന്റെ നിർമാണം പൂർത്തിയാകുമ്പോൾ കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ റാംപ് വലിയ തോതിൽ പ്രയോജനപ്പെടും. റാംപിലൂടെ താഴെയിറങ്ങി തുറവൂരിൽ നിന്ന് തൈക്കാട്ടുശേരി റോഡ് വഴി മാക്കേക്കടവ് പാലം കടന്ന് എളുപ്പത്തിൽ കോട്ടയത്ത് എത്തിച്ചേരാൻ സാധിക്കും.
തുറവൂർ-പമ്പാ പാതയുടെ പൂർത്തീകരണം കൊച്ചി ഭാഗത്തുനിന്ന് കോട്ടയം, ശബരിമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ഏറെ സഹായകരമായി മാറും. വരും ഒരു മാസത്തിനുള്ളിൽ റാംപിന്റെ മുഴുവൻ നിർമാണ ജോലികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പാതയുടെ ഇരുവശങ്ങളിലും ‘എൽ’ ആകൃതിയിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച ശേഷം റോഡ് കോൺക്രീറ്റ് ചെയ്യുന്ന രീതിയിലാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. അതേസമയം, ആലപ്പുഴ ഭാഗത്തുനിന്ന് ഉയരപ്പാതയിലേക്ക് കയറി തോപ്പുംപടി ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്കായി ചന്തിരൂർ, അരൂർ ബൈപാസ് കവല എന്നിവിടങ്ങളിലും റാംപുകൾ നിർമിക്കുന്നുണ്ട്.
ഈ ഭാഗങ്ങളിലെ നിർമാണ ജോലികൾ ഇതിനോടകം 50 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

